പയ്യന്നൂര്‍: സംഘര്‍ഷ ബാധിത പ്രദേശമായ രാമന്തളിയിലെ കക്കംപാറ, ചിറ്റടി പ്രദേശങ്ങളില്‍ ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, പയ്യന്നൂര്‍ പൊലീസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ സംയുക്ത റെയ്ഡില്‍ ഉഗ്രസ്‌ഫോടന ശക്തിയുള്ള രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു.
കക്കംപാറ ചിറ്റടിയിലെ ആളൊഴിഞ്ഞ പറമ്പില്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു ബോംബുകള്‍ ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ മുതല്‍ പയ്യന്നൂര്‍ സി.ഐ കെ.വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പൊലീസും എസ്.ഐ ടി.വി.ശശിധരന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ബോംബുകള്‍ കണ്ടെത്തിയത്.മാരകശേഷിയുള്ള ബോംബുകളാണിതെന്ന് ബോംബ് സ്‌ക്വാഡ് എസ്.ഐ ശശിധരന്‍ പറഞ്ഞു. രണ്ട് ബോംബുകളും സംഭവസ്ഥലത്ത് വെച്ച് തന്നെ നിര്‍വീര്യമാക്കി.
ബുധനാഴ്ച രാത്രി ഈ പ്രദേശത്ത് നിന്ന് ബോംബ് സ്‌ഫോടനത്തിന്റെ ശബ്ദം നാട്ടുകാര്‍ കേട്ടിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ബോംബ് സ്‌ക്വാഡും പൊലീസും റെയ്ഡിനെത്തിയത്. നേരത്തെ ഒരു സി.പി.എം പ്രവര്‍ത്തകനും ഒരു ബി.ജെ.പി പ്രവര്‍ത്തകനും കൊല്ലപ്പെടുകയും വലിയ തോതിലുള്ള രാഷ്ട്രീയ സംഘര്‍ഷം അരങ്ങേറുകയും ചെയ്തപ്രദേശമായതിനാല്‍ ബോംബ് കണ്ടെടുത്ത സംഭവം പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്.
പ്രദേശത്ത് ഇടക്കിടെ രാത്രി കാലങ്ങളില്‍ വന്‍ സ്‌ഫോടനങ്ങള്‍ നടക്കാറുണ്ടെങ്കിലും ഉറവിടം കണ്ടെത്താന്‍ പൊലീസിനു സാധിച്ചിരുന്നില്ല. സ്‌ഫോടനങ്ങളും ഇപ്പോള്‍ ബോംബ് കണ്ടെടുത്ത സംഭവവും നാട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്. ബോംബ് സ്‌ക്വാഡിലെ പി.പി ശിവദാസന്‍, സി.പി ബിനീഷ്, ദിനേശ് എന്നിവരും പയ്യന്നൂര്‍ എസ്.ഐ നിജീഷ്, എ.എസ്.ഐ ഗിരീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷ് എന്നിവരും റെയ്ഡിനുണ്ടായിരുന്നു.