കെ.എസ് മുഫ്തഫ

കല്‍പ്പറ്റ: ഫാസിസത്തിനെതിരെ ഏകാംഗ തെരുവ് നാടകവുമായി പ്രശസ്ത സിനിമാനാടക സംവിധായകന്‍ മനോജ് കാന. കവി കുരീപ്പുഴ ശ്രീകുമാറിനെ ആര്‍.എസ്.എസുകാര്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ചാരുന്നു യാത്രക്കാരെ അമ്പരപ്പിച്ചുള്ള കാനയുടെ തെരുവ്‌നാടകം അരങ്ങറിയത്.
കല്‍പറ്റ ബസ്സ്റ്റാന്റില്‍ തടിച്ചുകൂടിയ ജനങ്ങളില്‍ ഏകാംഗ നാടകം പുതിയൊരു അനുഭവമായി.

“എന്നെ കൊല്ലാന്‍ വരുന്നേ…, എന്നെ കൊല്ലാന്‍വരുന്നേ…” ആ അലര്‍ച്ച കേട്ട കല്‍പ്പറ്റ ബസ്സ്റ്റാന്റിലുണ്ടായവര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. ഒരു ചെറുപ്പക്കാരന്‍ നിലവിളിച്ചുകൊണ്ട് ആളുകള്‍ക്കിടയിലൂടെ പരക്കം പായുന്ന രംഗമാണ് ആളുകള്‍ കണ്ടത്. ആര്‍ക്കും ഒന്നും മനസിലായില്ല… യാത്രക്കാര്‍ കാര്യമറിയാന്‍ വട്ടംകൂടിയതോടെ, കാന തന്റെ നാടകം അവതരിപ്പിച്ചു തുടങ്ങി.
‘ നാട്ടുകാരെ, എനിക്ക് പേരില്ല… കാരണം പേര് പറഞ്ഞാല്‍ അവരെന്ന കൊല്ലാന്‍വരും. ഞാന്‍ ഇവിടെ ഒരു നാടകം അവതരിപ്പിക്കുകയാണ്.. എന്നാല്‍ നാടകത്തിന് പേരില്ല.. കാരണം അവരെന്ന കൊല്ലാന്‍വരും…’

ജോലിതേടി അലയുന്ന ഒരു ചെറുപ്പക്കാരനിലൂടെ രാജ്യത്തെ ഫാസിസം പറയുകയായിരുന്നു നാടകത്തില്‍. ഗുജറാത്തിലെത്തിയ ആര്‍എസ്എസ് കലാപത്തെ തുടര്‍ന്ന് മറ്റിടങ്ങളിലേക്ക് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഗോമാംസം ഭക്ഷിച്ചെന്നും ലൗജിഹാദ് ആരോപിച്ചും കന്നുകാലികളെ വില്‍ക്കുന്നുവെന്നാരോപിച്ചും കൊന്നൊടുക്കുകയാണ്. കര്‍ണാടകയിലെത്തിയപ്പോള്‍ എഴുതിയെന്നാരോപിച്ച് കൊലപാതകം തുടരുന്നു. ഇതില്‍ നിന്നും രക്ഷതേടി കേരളത്തിലെത്തിയപ്പോഴും രക്ഷയില്ല. കുരീപ്പുഴ ശ്രീകുമാര്‍ എന്ന കവിയെ അക്രമിക്കുന്നു. ഇതിനെതിരെ മുഴുവന്‍ ജനങ്ങളും ഉണരണമെന്ന ആഹ്വാനത്തോടെയാണ് നാടകം അവസാനിക്കുന്നത്. ഒരു കലാകാരന്‍ എന്ന നിലയില്‍ ഫാസിസത്തിനെതിരെ ചെറുത്തുനില്‍ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക എന്നതിന്റെ ഭാഗമായാണ് ഏകാംഗ തെരുവ് നാടകം അവതരിപ്പിച്ചതെന്ന് മനോജ് കാന പറഞ്ഞു. കെ.വി. മനോജ്, അജികുമാര്‍ പനമരം, ചന്ദ്രന്‍ വരദുര്‍, രാജേഷ് കമ്പളക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.