അങ്കമാലി: കാശുള്ളവന്‍ രക്ഷപ്പെടുമെന്നും താന്‍ ഇവിടെ കിടക്കുന്ന ലക്ഷണമാണെന്നും നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. അങ്കമാലി കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തേക്കുകൊണ്ടുപോകുമ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുനി.

‘ഇപ്പോത്തന്നെ കണ്ടില്ലേ ആരും വരുന്നുപോലുമില്ല, നമ്മളിങ്ങനെ കിടക്കാന്ന് ഉള്ളതേയുള്ളൂ. കാശുള്ളവന്‍ രക്ഷപ്പെടുമെന്നാണ് തോന്നുന്നത്’ പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞു. കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിന് മുമ്പായി എല്ലാ പ്രതികളും ഹാജരാകണമെന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ദിലീപ് ഇതുവരെ കോടതിയില്‍ ഹാജരായിരുന്നില്ല. ഇക്കാര്യം സൂചിപ്പിച്ചായിരുന്നു പള്‍സര്‍ സുനിയുടെ പ്രതികരണം.

അങ്കമാലി കോടതി ഇന്ന് നടപടികള്‍ പൂര്‍ത്തിയാക്കി കേസ് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിനു മുമ്പായി പലതവണ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികളുടെ റിമാന്‍ഡ് കാലാവധി കോടതി കേസെടുക്കുന്ന അടുത്ത തീയതിയിലേക്ക് നീട്ടുകയും ചെയ്തിരുന്നു. ഇനി ഇവര്‍ ജാമ്യാപേക്ഷ ഉള്‍പ്പെടെയുള്ളവ സമര്‍പ്പിക്കേണ്ടത് സെഷന്‍സ് കോടതിയിലാണ്. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്നും ദൃശ്യങ്ങള്‍ പുറത്തുപോകുന്നത് നടിയുടെ സ്വകാര്യ ജീവിതത്തിന് ഭീഷണിയാവുമെന്നും പ്രോസിക്യൂഷന്‍ എതിര്‍ത്തു. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി ദിലീപിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

കുറ്റപത്രത്തിനൊപ്പം പൊലീസ് നല്‍കിയ രേഖകള്‍ ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്. വിചാരണ സമയത്ത് പൊലീസ് സമര്‍പ്പിച്ച രേഖകളുടെയും തെളിവുകളുടെയും പട്ടിക നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എല്ലാ രേഖകളും ദിലീപിന് നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണ എറണാംകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതായി കോടതി ഉത്തരവിട്ടു. കേസില്‍ വളരെ വേഗത്തില്‍ വിചാരണ നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.