X

പൊലീസ് സേനയെ അടുത്തറിയാന്‍ ‘സ്‌കൂള്‍സ് ടു ബറ്റാലിയന്‍’ പദ്ധതിയൊരുങ്ങുന്നു

പൊലീസിനെ കൂടുതല്‍ അടുത്തറിയുന്നതിനും പൊലീസ്-വിദ്യാര്‍ഥി സൗഹൃദം വളര്‍ത്തുന്നതിനുമായി പൊലീസിന്റെ പ്രത്യേക പദ്ധതിയൊരുങ്ങുന്നു. ‘സ്‌കൂള്‍സ് ടു ബറ്റാലിയന്‍’ എന്ന പേരില്‍ ആരംഭിക്കുന്ന പദ്ധതിക്ക്  മലപ്പുറം എം.എസ്.പിയില്‍ തുടക്കമാകും. പൊലീസ് ക്യാമ്പും പൊലീസ് ഉദ്യോഗസ്ഥരുടെ വിവിധ ജോലികളെക്കുറിച്ചും പരിചയപ്പെടുന്നതിനും ക്രമസമാധാനപാലനത്തില്‍ പൊലീസിന്റെ പങ്ക് മനസിലാക്കുന്നതിനുമാണ് സ്‌കൂള്‍/കോളജ് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പദ്ധതി തയ്യാറാക്കുന്നത്.

പൊലീസ് പരേഡ്, ബാന്‍ഡ് വാദ്യപ്രദര്‍ശനം, വിവിധതരം തോക്കുകളുടെ പ്രവര്‍ത്തനങ്ങള്‍, ബറ്റാലിയന്‍ അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയവ കാണാനും പരിചയപ്പെടാനും വിദ്യാര്‍ഥികള്‍ അവസരമൊരുക്കും. മലപ്പുറം ഗവ. വനിതാ കോളജിലെ വിദ്യാര്‍ഥിനികള്‍ മലപ്പുറം എം.എസ്.പിയിലെ ഹെഡ് ക്വാര്‍ട്ടര്‍ ക്യാമ്പ് സന്ദര്‍ശിച്ച് പരിപാടിക്ക് തുടക്കമാകും. പദ്ധതിയുടെ ഉദ്ഘാടനം എം.എസ്.പി കമാണ്ടന്റ് കെ.വി സന്തോഷ് നിര്‍വഹിക്കും. സമൂഹത്തില്‍ വളര്‍ന്നു വരുന്ന ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ലഹരിവിരുദ്ധ ബോധവത്ക്കരണ ക്യാമ്പയിനിന്റെ തുടര്‍ച്ചയായാണ് ‘സ്‌കൂള്‍സ് ടു ബറ്റാലിയന്‍’ എന്ന പരിപാടിക്ക് മലപ്പുറം എംഎസ്.പിയില്‍ തുടക്കമാകുന്നത്.

Chandrika Web: