കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറിനും സില്‍വര്‍ ഹില്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോണ്‍ മണ്ണാറത്തറയ്ക്കുമൊപ്പം റമസാനിലെ ഇരുപത്തിയേഴാം രാവ് ദിവസത്തില്‍ നോമ്പു തുറന്നതിന്റെ അനുഭവം പങ്കുവെച്ച് സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സുഭാഷ് ചന്ദ്രന്‍. സുഭാഷ് ചന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ:

മിനിസ്റ്റ്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ് അഥവാ പരമാനന്ദ മന്ത്രിസഭ!
ഇന്ന് വിശുദ്ധ റംസാന്‍ മാസത്തിലെ ഏറ്റവും പുണ്യം നിറഞ്ഞ ഇരുപത്തേഴാം രാവ്. കേരളത്തിന്റെ പ്രതിപക്ഷ ഉപനേതാവും കോഴിക്കോട് എനിക്കു നല്‍കിയ സുഹൃത്തുമായ ശ്രീ എം കെ മുനീറുമൊത്ത് ഒരു നോന്‍പ് തുറക്കല്‍.
ഈ ഒത്തുചേരലിനു ഒരു പ്രത്യേകത കൂടിയുണ്ട്. സില്‍വര്‍ ഹില്‍സ് സ്‌കൂളിന്റെ പ്രിന്‍സിപ്പലും ഞങ്ങളുടെ പൊതുസുഹൃത്തുമായ ഫാദര്‍ ജോണ്‍ മണ്ണാറത്തറയാണ് ഈ നോമ്പുതുറയ്ക്കു പിന്നില്‍.
ഒരു ക്രിസ്ത്യന്‍ പുരോഹിതനും ഒരു മുസ്ലിം ലീഗ് നേതാവും ഒരു ഹിന്ദു എഴുത്തുകാരനുമായല്ല, മൂന്നു മനുഷ്യരായിത്തന്നെ ഞങ്ങള്‍ ഇവിടെ കോഴിക്കോട് ജീവിക്കുന്നു. ഇഷ്ടഭക്ഷണം കഴിക്കുന്നു.
എല്ലാവര്‍ക്കും റംസാന്‍ ആശംസകളോടെ.