ന്യൂഡല്‍ഹി: ഉത്തരവാദിത്തപരമായ സ്ഥാനങ്ങളിലിരിക്കുന്നവര്‍ പദ്മാവതി സിനിമയ്ക്കെതിരെ പരസ്യ പ്രസ്താവന നടത്തുന്നതിനെതിരെ താക്കീതുമായി സുപ്രീംകോടതി. ബോളിവുഡ് ചിത്രം ‘പദ്മാവതി’ക്കെതിരെ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിരീക്ഷണം നടത്തിയത്. പൊതു ഭരണ സംവിധാനങ്ങളിലിരിക്കുന്നവര്‍ ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയരുതെന്ന് പറഞ്ഞ കോടതി, സെന്‍സര്‍ബോര്‍ഡിന്റെ പരിഗണനയിലുള്ള സിനിമയ്ക്കെതിരെ ഇത്തരത്തില്‍ എങ്ങനെയാണ് പ്രസ്താവന ഇറക്കാന്‍ കഴിയുന്നതെന്നും ചോദിച്ചു. ബോര്‍ഡിന്റെ പരിഗണനയിലിരിക്കെ സിനിമക്കെതിരെ സംസാരിക്കുന്നത് സ്വാധീനിക്കലാകും. സിനിമ കണ്ട് അത് പ്രദര്‍ശനത്തിന് യോഗ്യമാണോ അല്ലയോ എന്ന് തീരുമാനമെടുക്കേണ്ടത് സി.ബി.എഫ്.സിയുടെ വിശേഷാധികാരത്തില്‍ പെട്ടതാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
Supreme Court dismisses petition filed by a lawyer, Manohar Lal Sharma, seeking stay on the release of film #Padmavati pic.twitter.com/jOhwRpRYNE
— ANI (@ANI) November 28, 2017
ഈ മാസം ഇത് മൂന്നാം തവണയാണ് പദ്മാവതിക്കെതിരായ ഹര്‍ജി കോടതി തള്ളുന്നത്. അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മ സമര്‍പ്പിച്ച രണ്ടാമത്തെ ഹര്‍ജിയാണു കോടതി തള്ളിയത്.
സന്‍സര്‍ ബോര്‍ഡ് അനുവദിച്ചാലും പദ്മാവതി ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടയുമെന്ന രീതിയില്‍, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റും പദ്മാവതി സിനിമയ്ക്കെതിരെ പരസ്യ പ്രസ്താവന നടത്തിയിരുന്നു. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ സിനിമയുടെ പ്രദര്‍ശനം നിരോധിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ സുപ്രീം കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്.