തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്തില്‍ ദുരൂഹതയെന്ന് ആരോപണം. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ നേമത്ത് വെച്ചാണ് അപകടമുണ്ടായത്. പ്രദീപ് സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ അതേ ദിശയില്‍ വന്ന ഒരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി.

തിരുവനന്തപുരം നഗരത്തില്‍ ഇങ്ങനെയൊരു അപകടമുണ്ടായിട്ടും ഇതുവരെ ഇടിച്ച വാഹനം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല എന്നാണ് അറിയുന്നത്. പ്രദീപ് സഞ്ചരിച്ച അതേ ദിശയില്‍ വന്ന വാഹനം പ്രദീപിനെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയത് മനപ്പൂര്‍വ്വമുള്ള കൊലപാതകമാണോ എന്ന സംശയം നിരവധിപേര്‍ ഉന്നയിക്കുന്നുണ്ട്.

പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവത്തില്‍ ഉന്നത തല അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.