സിറിയന്‍ പ്രതിസന്ധി, പ്രത്യേകിച്ചും അലപ്പോയിലെ അടിച്ചമര്‍ത്തലും പീഡനങ്ങളും കൂട്ടക്കൊലയും അവസാനിപ്പിക്കുന്നതിന് ഖത്തര്‍ വിവിധതലങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്നു. ഖത്തറിന്റെ ആവശ്യത്തെത്തുടര്‍ന്ന് ഇന്നലെ അറബ് ലീഗ് അടിയന്തര കൗണ്‍സില്‍യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു. ഖത്തര്‍ വിദേശകാര്യമന്ത്രി രാജ്യാന്തര ഇടപെടല്‍ സാധ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നു.

പ്രശ്‌നം പരിഹരിക്കുന്നതിന് രാജ്യാന്തര സമൂഹത്തിന്റെ ശക്തമായ ഇടപെടല്‍ അനിവാര്യമാണെന്നും ഇക്കാര്യത്തില്‍ ഉത്തരവാദിത്വം നിറവേറ്റാന്‍ തയാറാകണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുമായി ഈ വിഷയം ടെലിഫോണില്‍ ചര്‍ച്ച ചെയ്തിരുന്നു.
ആലപ്പോയിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ദയനീയവും ഏറ്റവും മോശപ്പെട്ടതുമാണെന്നും ഇക്കാര്യത്തിലെ സംയുക്ത സഹകരണത്തിന്റെ അനിവാര്യത ഇരുവരും പങ്കുവച്ചു. അലപ്പോയ്ക്കുനേരെയുള്ള ആക്രമണം അടിയന്തരമായി ഇവസാനിപ്പിക്കാന്‍ ഗൗരവതരമായ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും ആവശ്യമാണെന്ന് ചര്‍ച്ചയില്‍ വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതില്‍ രാജ്യാന്തര സമൂഹം ചുമതലകളും ഉത്തരവാദിത്വവും നിറവേറ്റണം.
സിറിയയില്‍, പ്രത്യേകിച്ച് അലപ്പോയിലേക്ക് സഹായംസുരക്ഷിതമായും തടസമില്ലാതെയും എത്തിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. സിറിയന്‍ കൂടിയാലോചന സംബന്ധിച്ച ഉന്നതതല കമ്മിറ്റിയുടെ ചെയര്‍മാന്‍ ഡോ. റിയാദ് ഹിജാബുമായും വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ടെലിഫോണ്‍ മുഖേന ചര്‍ച്ച നടത്തി. സിറിയയിലെ നിലവിലെ സാഹചര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. അലപ്പോയിലെ ജനങ്ങളോടൊപ്പമാണ് ഖത്തര്‍ നിലകൊള്ളുന്നതെന്നും രാജ്യത്തിന്റെ എല്ലാ പിന്തുണയും സഹായവും അവര്‍ക്കുണ്ടാകുമെന്നും ഖത്തറിന്റെ ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും വിദേശകാര്യമന്ത്രി വ്യക്തമാക്കി. അലപ്പോയിലെ ജനങ്ങളുടെ ദുരിതം കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ ഖത്തര്‍ സ്വീകരിക്കുന്നതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
സിറിയയിലെ സാഹചര്യങ്ങളും സമാനതാല്‍പര്യമുള്ള നിരവധി വിഷയങ്ങളും ഖത്തര്‍ വിദേശകാര്യസഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി യുഎന്‍ സെക്രട്ടറി ജനറലിന്റെ സിറിയന്‍ കാര്യങ്ങള്‍ക്കായുള്ള ഡെപ്യൂട്ടി സ്‌പെഷ്യല്‍ എന്‍വോയ് റംസി എസ്സല്‍ദിന്‍ റംസിയുമായി ചര്‍ച്ച ചെയ്തു. അലപ്പോയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഖത്തര്‍ ദേശീയദിനാഘോഷപരിപാടികള്‍ റദ്ദാക്കിയിരുന്നു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. അമീറിന്റെ ഉത്തരവിനെ ഖത്തര്‍ ഒന്നാകെ സ്വാഗതം ചെയ്തു. ഏറ്റവും ഉചിതമായ തീരുമാനമാണ് അമീറും ഖത്തറും സ്വീകരിച്ചതെന്നാണ് പൊതുവിലയിരുത്തല്‍. ഖത്തറിലെ മാധ്യമങ്ങളും പൊതുസമൂഹവും പ്രവാസിസംഘടനകള്‍ ഉള്‍പ്പടെയുള്ളവയും അമീറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. ദേശീയദിനത്തില്‍ കോര്‍ണീഷില്‍ നടത്തുന്ന സൈനിക പരേഡ് ഉള്‍പ്പടെയുള്ള എല്ലാ പരിപാടികളും റദ്ദാക്കിയിരുന്നു. അതേസമയം സിറിയയിലെ സംഭവവികാസങ്ങളില്‍ ലജ്ജിക്കേണ്ടതുണ്ടെന്നും ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അടിച്ചമര്‍ത്തലും പീഡനങ്ങളും കൂട്ടക്കൊലയുമാണ് അവിടെ നടക്കുന്നതെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി പറഞ്ഞു അല്‍ജസീറ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അലപ്പോ സിറിയന്‍ ഭരണകൂടം പിടിച്ചെടുത്താലും യുദ്ധം അവസാനിക്കുമെന്നു തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയന്‍ ജനതയ്ക്കായി ഒന്നും ചെയ്യാന്‍ കഴിയാത്ത വിധം നമ്മുടെ കൈകള്‍ കെട്ടപ്പെട്ടു എന്നതിനാല്‍ നമ്മളെല്ലാവരും ലജ്ജിക്കണം. സിറിയയില്‍ സൈനിക പരിഹാരത്തിനല്ല പകരം രാഷ്ട്രീയ പരിഹാരമാണു ഖത്തര്‍ തേടുന്നത്. എന്നാല്‍ അവിടെയുള്ള ഭരണകൂടം സൈനികപരിഹാരത്തിനാണു ശ്രമിക്കുന്നത്. അലപ്പോയിലെ ജനജീവിതം ചിന്തിക്കാനാകാത്തവിധം ദുരിതത്തിലൂടെയാണു കടന്നുപോകുന്നത്. അവിടെ ആശുപത്രികളൊന്നും പ്രവര്‍ത്തിക്കുന്നില്ല.
സമാധാന പരിഹാരത്തിനായാണു ഖത്തറിന്റെ ശ്രമം. എന്നാല്‍ സിറിയന്‍ സര്‍ക്കാര്‍ സമാധാനചര്‍ച്ചകളെ തടസ്സപ്പെടുത്തുകയാണ്.ഒരാഴ്ച വെടിനിര്‍ത്തലിനുള്ള നിര്‍ദേശം ഐക്യരാഷ്ട്രസഭയില്‍ റഷ്യയും ചൈനയും വീറ്റോ ചെയ്തത് ഇതുമൂലമാണ്. സിറിയന്‍ ജനതയെ സഹായിക്കണമെന്ന് ആഗ്രഹിക്കുന്ന കുറേ രാജ്യങ്ങളുണ്ട്. അതിന്റെ ഭാഗമാണു ഖത്തറും. എല്ലാവരും ചേര്‍ന്ന് ഏകീകൃത തീരുമാനം എടുത്തെങ്കിലേ അടുത്ത ഘട്ടത്തിലേക്കു പോകാന്‍ കഴിയു എന്നും അദ്ദേഹം വ്യക്തമാക്കി.