ചന്ദ്രികയുമായുള്ള എന്റെ ബന്ധം തുടങ്ങുന്നത് പി.എ മുഹമ്മദ് കോയയിലൂടെയാണ്. അദ്ദേഹമായിരുന്നു ആദ്യ കാലത്ത,് അതായത് ഒരു 75 വര്‍ഷം മുമ്പ് ചന്ദ്രിക ആഴ്ചപതിപ്പിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്. ഒരു പന്ത്രണ്ട് കഥയോളം ഞാന്‍ അന്ന് ചന്ദ്രിക ആഴ്ചപതിപ്പില്‍ എഴുതിയിരുന്നു. അന്ന് മാതൃഭൂമി ആഴ്ചപതിപ്പില്‍ എന്റെ ഒരു കഥ പ്രസിദ്ധീകരിക്കുമ്പോള്‍ ഏഴര രൂപയായിരുന്നു എനിക്ക് ലഭിച്ചതെങ്കില്‍ ചന്ദ്രിക ആഴ്ചപതിപ്പില്‍ ഒരു കഥ വരുമ്പോള്‍ 10 രൂപയായിരുന്നു കിട്ടിയത്. അന്ന് പത്രാധിപര്‍ സി.എച്ച് മുഹമ്മദ് കോയ ആയിരുന്നു.

ചന്ദ്രിക ആഴ്ചപതിപ്പില്‍ അന്നുള്ള എഴുത്തുകാരൊക്കെ മലയാള സാഹിത്യത്തിലെ ഏറ്റവും പ്രശസ്തരായിരുന്നു. അത് തീര്‍ച്ചയായും ചന്ദ്രികയെ സംബന്ധിച്ചോളം ഒരു സുവര്‍ണ കാലഘട്ടം തന്നെയായിരുന്നു. പി.എ മുഹമ്മദ് കോയ വളരെ മിതഭാഷിയായിരുന്നു. പെരുമാറ്റത്തിലും അങ്ങേയറ്റം സൗമ്യനായിരുന്നു. നല്ല സാഹിത്യബോധമുള്ള വ്യക്തി. ഒന്നാന്തരമൊരു എഴുത്തുകാരന്‍. തന്റെ മഹത്വം ഒരിക്കലും അദ്ദേഹം വിളംബരം ചെയ്തിരുന്നില്ല. ‘സുല്‍ത്താന്‍ വീട്’ എന്ന പ്രശസ്തവും മഹത്വവുമായ നോവലിന്റെ കര്‍ത്താവാണ് പി.എ മുഹമ്മദ് കോയ.

അദ്ദേഹത്തിന് മറ്റൊരു മുഖവും ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ സ്പോര്‍ട്സിലുള്ള താല്‍പര്യമായിരുന്നു. സ്പോര്‍ട്സിനെ കുറിച്ചും അക്കാലത്ത് അദേഹം ധാരാളം എഴുതിയിരുന്നു. അതിലേറെ സ്പോര്‍ട്സ്മാന്‍മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. മുഷതാക്ക് എന്ന തൂലികാ നാമത്തിലായിരുന്നു അദ്ദേഹം സ്പോര്‍ട്സ് എഴുതിയിരുന്നത്. എല്ലാവരുടെയും കൂട്ടായ ശ്രമത്താല്‍ ചന്ദ്രികക്ക് ആ പഴയ മനോഹര കാലം വീണ്ടെടുക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.