കോഴിക്കോട്: സ്വര്‍ണ്ണകള്ളക്കടത്ത് കേസിലെ പ്രതി അബൂലൈസ് എന്റെയും അഡ്വ.ടി സിദ്ധീഖിനുമൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിക്കുന്നത് ആരോപണ വിധേയരായ സ്വന്തക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വ്യക്തമാക്കി. അബൂലൈസുമായി വ്യക്തിബന്ധമോ ബിസിനസ്സ് ബന്ധമോ ഇല്ല. തെരെഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം അഡ്വ.ടി സിദ്ധീഖിനൊപ്പം ദുബായിയില്‍ പോയപ്പോള്‍ കെ.എം.സി.സിയുടെയും ഒ.ഐ.സി.സിയുടെയും വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. കുന്ദമംഗലത്തെ വോട്ടര്‍മാരായ ചിലരുടെ അവിടെയുള്ള വീടുകളിലും സന്ദര്‍ശിച്ചിരുന്നു. അത്തരം ഒരാളുടെ വീട്ടില്‍ വെച്ചാണ് ഈ ഫോട്ടോ പകര്‍ത്തിയതെന്നാണ് ചിത്രം കണ്ടപ്പോള്‍ ബോധ്യമായത്. ഇത് സംബന്ധിച്ച് ഏത് അന്വേഷണവും നേരിടാനും കള്ളകടത്ത് കേസിലെ പ്രതിയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനും തയ്യാറാണ്. കള്ളക്കടത്ത് കേസിലെ പ്രതി തന്നെയാണ് ഈ ഫോട്ടോ എടുത്തതും പുറത്ത് വിടുകയും ചെയ്തത് എന്നിരിക്കെ ആരെ സംരക്ഷിക്കാനാണ് ഇത്തരം പ്രവര്‍ത്തി ചെയ്യുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. കള്ളക്കടത്ത് കേസിലെ പ്രതികളെയും അവരെ സഹായിക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ ഇടതുപക്ഷ സര്‍ക്കാരിന് ധൈര്യമുണ്ടോയെന്നും ഫിറോസ് ചോദിച്ചു.
വേട്ടയാടുന്നത് എം.എല്‍.എമാരെ
രക്ഷിക്കാന്‍: ടി സിദ്ദിഖ്

17883709_1330344833680205_4521335455674445695_n
കോഴിക്കോട്: പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ള കുന്ദമംഗലത്തെ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് ഒ.ഐ.സി.സി, കെ.എം.സി.സി സംഘടനകളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ദുബായ് സന്ദര്‍ശിച്ചതെന്നും അപ്പോള്‍ നൂറുകണക്കിന് ആളുകള്‍ കൂടെ നിന്ന് ഫോട്ടോ എടുത്തിട്ടുണ്ടെന്നും അബുലൈസ് അതിലുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ.ടി സിദ്ദിഖ്. ഇതു സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും കേന്ദ്ര ഏജന്‍സിയും അന്വേഷണം നടത്തി റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തണമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അബുലൈസ് എന്നയാളെ നേരിട്ടോ അല്ലാതെയോ പരിചയമില്ല. ബിസിനസ് ആവശ്യത്തിനല്ല ഗള്‍ഫ് സന്ദര്‍ശനം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥമാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹി കൂടിയായ പി.കെ ഫിറോസിനൊപ്പം ദുബായില്‍ എത്തിയത്. ഫോട്ടോ എടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് വരുന്നവരെ നിരുത്സാഹപ്പെടുത്താറില്ല. അതില്‍ അബുലൈസും ഉണ്ടായേക്കാം. അബുലൈസിന്റെ രൂപവും കോലവും ഇപ്പോള്‍ പുറത്തുവന്ന ഫോട്ടോകളില്‍ നിന്നാണ് മനസ്സിലാവുന്നത്.
നിരപരാധികളായ തന്നെയും ഫിറോസിനെയും വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിഞ്ഞ ഇടത് എം.എല്‍.എമാരായ കാരാട്ട് റസാക്കിനെയും പി.ടി.എ റഹീമിനെയും സംരക്ഷിക്കാനാണ്.