india

ഇലക്ട്രോണിക്സ് നിര്‍മ്മാണ രംഗത്ത് തമിഴ്നാട് മുന്നില്‍; കേന്ദ്രം അംഗീകരിച്ച പദ്ധതികളില്‍ കൂടുതലും തമിഴ്നാടിന്

By webdesk17

October 30, 2025

ഇലക്ട്രോണിക്സ് ഘടകനിര്‍മ്മാണപദ്ധതി (ഇസിഎംഎസ്) പ്രകാരം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ഏഴ് പദ്ധതികളില്‍ അഞ്ചും തമിഴ്നാടിന് ലഭിച്ചു. മൊത്തം 4271 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍, ഡ്രോണ്‍ , റോബോട്ട് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് ആ പദ്ധതികള്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 5532 പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്, അതില്‍ 77 ശതമാനവും തമിഴ്നാട്ടിലേക്കാണ് നീങ്ങിയിരിക്കുന്നത്. ഇതോടെ ഇലക്ട്രോണിക്സ് മേഖലയില്‍ സംസ്ഥാനത്തിന്റെ സ്ഥാനമൂല്യം കൂടുതല്‍ ഉറപ്പിച്ചു. മൊത്തം പദ്ധതികളിലൂടെ 59,350 കോടി നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി ഇതിനകം ഒരു ലക്ഷം കോടിയിലധികം മൂല്യമുള്ള അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. തമിഴ്നാട് സര്‍ക്കാര്‍ വ്യവസായ വികസന രംഗത്ത് കൈവരിച്ച നേട്ടത്തിന്റെ തെളിവാണിത് എന്ന് സംസ്ഥാന വ്യവസായമന്ത്രി ടി.ആര്‍.ബി രാജാ അഭിപ്രായപ്പെട്ടു. ഈ പദ്ധതികള്‍ മുഖേന 3660 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. മൊത്തം പദ്ധതികളുടെ 30 ശതമാനം തമിഴ്നാടിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സംസ്ഥാനത്തിന്റെ പുരോഗതിയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താത്പര്യത്തിന്റെ തെളിവാണിത് എന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.