തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് അല്‍പമെങ്കിലും ആശ്വാസം നല്‍കിയതിന് ധനമന്ത്രി നന്ദി പറയേണ്ടത് കാരാട്ട് ഫൈസലിനും സുരേഷ് ഗോപി- ഫഹദ് ഫാസില്‍- അമലാപോള്‍ ത്രയത്തിനും. ജി.എസ്.ടി വന്നതോടെ നികുതി വരുമാനം ഇടിയുകയും പെട്രോളിയം ഉല്‍പന്നങ്ങളുടെ വില്‍പന നികുതി പോലും വളര്‍ച്ചയില്ലാതെ മുരടിച്ച് നില്‍ക്കുകയും ചെയ്തപ്പോള്‍ ആകെ ആശ്വാസമായത് മോട്ടോര്‍വാഹന നികുതിയിലുണ്ടായ വര്‍ധന മാത്രം. സംസ്ഥാനത്ത് ആകെ വര്‍ധനവുണ്ടായത് മോട്ടോര്‍ വാഹന നികുതി മാത്രമാണ്. 22 ശതമാനമാണ് വര്‍ധന.
കാരാട്ട് ഫൈസലിന്റെ പുതുച്ചേരി റജിസ്‌ട്രേഷനുള്ള ആഢംബര കാറില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യാത്ര ചെയ്തത് വിവാദമായതോടെയാണ് എല്ലാത്തിന്റെയും തുടക്കം. ഈ കാര്‍ പുതുച്ചേരിയില്‍ വ്യാജവിലാസത്തില്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സിനിമാ താരങ്ങളുടെ വാഹന നികുതി വെട്ടിപ്പ് സംബന്ധിച്ച വാര്‍ത്തകളും പുറത്തുവന്നു. ഇതോടെ കൂടുതല്‍ വാഹന ഉടമകള്‍ കേരളത്തില്‍ തന്നെ നികുതി ഒടുക്കി നിയമപ്രകാരം റജിസ്റ്റര്‍ ചെയ്യാന്‍ തയാറായി. ഇതാണ് മോട്ടോര്‍ വാഹന നികുതിയില്‍ വര്‍ധനവുണ്ടാകാന്‍ കാരണം.
സിനിമാ താരങ്ങളുടെ പേരില്‍ കേസെടുത്തതോടെയാണ് മോട്ടോര്‍വാഹന നികുതിവരുമാനത്തില്‍ കുതിപ്പുണ്ടായത്. മറ്റെല്ലാ നികുതിയിനങ്ങളിലും വളര്‍ച്ച കുറഞ്ഞപ്പോള്‍ മോട്ടോര്‍വാഹന നികുതിവരുമാനം 22 ശതമാനം വളര്‍ന്നതായി ധനമന്ത്രി തോമസ് ഐസക് തന്നെ വെളിപ്പെടുത്തി. പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തുവന്നിരുന്ന വാഹനങ്ങള്‍ കേരളത്തില്‍ത്തന്നെ റജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങി. മുന്‍പ് റജിസ്റ്റര്‍ ചെയ്തവര്‍ പിഴ അടക്കാന്‍ തയാറായി. പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ചെയ്തതിന് നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. സുരേഷ് ഗോപി എംപിയെ പൊലീസ് ചോദ്യംചെയ്തു. നടി അമലാപോളിനെതിരെയും കേസെടുത്തിരിക്കുകയാണ്.
നികുതി വെട്ടിപ്പു ശ്രദ്ധയില്‍പ്പെട്ടതോടെ ബെന്‍സ് കാറിന്റെ റജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് നടന്‍ ഫഹദ് ഫാസില്‍ അറിയിച്ചിരുന്നു. മേട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഈ കാര്യം അറിയിക്കുകയും ചെയ്തു. പുതുച്ചേരിയില്‍ നിന്ന് എന്‍.ഒ.സി കിട്ടിയാലുടന്‍ റജിസ്‌ട്രേഷന്‍ മാറ്റുമെന്നാണ് മേട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസിലുള്ള മറുപടിയില്‍ നടന്‍ അറിയിച്ചത്. പുതുച്ചേരി സ്വദേശികളായവര്‍ക്ക് മാത്രമേ അവിടെ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. പുതുച്ചേരി റജിസ്ട്രേഷനിലുള്ള കാര്‍ കേരളത്തിലേക്ക് സ്ഥിര ഉപയോഗത്തിന് കൊണ്ടുവരികയാണെങ്കില്‍ കേരള റജിസ്ട്രേഷനിലേക്ക് മാറ്റണമെന്നുമാണ് നിയമം. എന്നാല്‍ ഇതുസംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസിന്, പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് കേരളത്തില്‍ നികുതി അടക്കില്ല എന്ന വിചിത്രമായ മറുപടിയാണ് നടി അമല പോള്‍ നല്‍കിയത്.
കൂടുതല്‍ നടപടികളിലേക്ക്
നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തിയ സംഭവത്തില്‍ വാഹന ഉടമകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി ശക്തമാക്കി. പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഓടുന്നത് 2000 വാഹനങ്ങളെന്ന് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ജനുവരി 15നകം നികുതി അടയ്ക്കാത്തവരുടെ വാഹനം നിരത്തിലിറങ്ങാന്‍ അനുവദിക്കേണ്ടതില്ലെന്നാണ് വകുപ്പിന്റെ തീരുമാനം. ഇതുസംബന്ധിച്ച് ഗതാഗത കമ്മീഷണര്‍ ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കി. നികുതി അടയ്ക്കാന്‍ തയാറായില്ലെങ്കില്‍ റവന്യൂ റിക്കവറിയിലേക്ക് നീങ്ങാനും വാഹനം കസ്റ്റഡിയിലെടുക്കാനുമാണ് തീരുമാനം .