ഹൈദരാബാദ്: ജീവനക്കാരനോട് മോശമായി പെരുമാറിയതിന് വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തിയ തെലുങ്ക്‌ദേശം പാര്‍ട്ടി എം.പി ജെ.സി ദിവാകര്‍ റെഡ്ഡി വിമാനത്തില്‍ തന്നെ രാജ്യം വിട്ടു. ഇന്നലെ രാത്രിയോടെ കുടുംബത്തോടൊപ്പം പാരിസിലേക്കാണ് ദിവാകര്‍ റെഡ്ഡിയുടെ യാത്ര. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈ വഴിയാണ് എംപിയും കുടുംബവും പത്തു ദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനായി യാത്ര തിരിച്ചത്.
ഹൈദരാബാദ് യാത്രക്കായി താമസിച്ചെത്തിയപ്പോള്‍ വിമാനക്കമ്പനി യാത്രാനുവാദം നല്‍കാതിരുന്നതിനെത്തുടര്‍ന്ന് റെഡ്ഡി ജീവനക്കാരോട് കയര്‍ത്തിരുന്നു. ബോര്‍ഡിങ് പാസ് നിഷേധിച്ചതോടെ പ്രതിഷേധിച്ച റെഡ്ഡി പ്രിന്റര്‍ നിലത്തെറിയുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സ്‌പൈസ് ജെറ്റ്, ജെറ്റ് എയര്‍വേയ്‌സ്, ഗോ എയര്‍, എയര്‍ഏഷ്യ, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാനക്കമ്പനികള്‍ റെഡ്ഡിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.