ജബല്‍പൂര്‍: അച്ചടക്കലംഘനത്തിന്റെ പേരില്‍ അധ്യാപകന്‍ വിദ്യാര്‍ഥിയെ അടിക്കുന്നത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അടിച്ചതിന് ആത്മഹത്യ ചെയ്ത പത്താംക്ലാസ് വിദ്യാര്‍ഥിയുടെ അമ്മാവന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

കുട്ടി സ്‌കൂളിലാവുമ്പോള്‍ പ്രിന്‍സിപ്പലും അധ്യാപകരും രക്ഷിതാക്കളുടെ സ്ഥാനത്താണ്. അവര്‍ക്ക് കുട്ടികളുടെ തെറ്റുകള്‍ തിരുത്താനും നേര്‍വഴിക്ക് നയിക്കാനും വേണ്ടി ശാസിക്കാനും ശിക്ഷിക്കാനും അധികാരമുണ്ട്. അത് ആത്മഹത്യാ പ്രേരണയായി പരിഗണിക്കാനാവില്ല-ജസ്റ്റിസ് അതുല്‍ ശ്രീധരന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 14-നാണ് പ്രിന്‍സിപ്പല്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. സ്‌കൂള്‍ സമയം കഴിയുന്നതിന് മുമ്പ് രണ്ട് കൂട്ടുകാര്‍ക്കൊപ്പം പുറത്ത് കണ്ട വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പല്‍ വഴക്ക് പറയുകയായിരുന്നു. സ്‌കൂള്‍ പരിസരത്ത് കണ്ടതിനെ തുടര്‍ന്നായിരുന്നു പ്രിന്‍സിപ്പല്‍ കുട്ടിയെ ശാസിച്ചത്.