ബംഗളൂരു: ബംഗളൂരു കോര്‍പറേഷന്‍ പരിധിയിലെ കോവിഡ് വാര്‍റൂമിലെത്തി വര്‍ഗീയ പരാമര്‍ശം നടത്തിയ ബി ജെ പി നേതാവ് തേജസ്വി സൂര്യ എം പി ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് ആസിഫ് അന്‍സാരി, ജനറല്‍ സെക്രട്ടറി അഡ്വ: വി കെ ഫൈസല്‍ ബാബു, ട്രഷറര്‍ മുഹമ്മദ് യൂനുസ് കര്‍ണാടകയില്‍ നിന്നുള്ള ദേശീയ സെക്രട്ടറി ഉമര്‍ ഫാറൂഖ് ഇനാംദാര്‍ എന്നിവര്‍ സംയുക്തമായാണ് ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ കമല്‍ പന്തിന് പരാതി നല്‍കിയത്.കോവിഡ് മഹാമാരിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പൊതുതേണ്ട അവസരത്തില്‍ ചികിത്സാ കേന്ദ്രത്തിലെത്തി ആരോഗ്യ പ്രവര്‍ത്തകരുടെ മതം പറഞ്ഞ് വിദ്വേഷം പ്രചരിപ്പിക്കുന്ന എം പി ക്കെതിരെ കര്‍ശന നടപടി വേണമെന്ന് യൂത്ത് ലീഗ് പരാതിയില്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസമാണ് കോവിഡ് രോഗികള്‍ക്ക് ബെഡ് ലഭ്യമാകുന്നില്ല എന്ന പരാതിയെ തുടര്‍ന്ന് ബംഗളൂരു സൗത്ത് മണ്ഡലത്തില്‍ നിന്നുള്ള എം പി തേജസ്വി സൂര്യ കോ വിഡ് വാര്‍ റൂമിലെത്തി വര്‍ഗീയ പരാമര്‍ശം നടത്തിയത്. അവിടെ കരാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മുസ്ലിം ജീവനക്കാരുടെ പേര് വിവരങ്ങളുമായി ആശുപത്രിയിലെത്തിയ എം പി യും സഹപ്രവര്‍ത്തകരും അവരെ തീവ്രവാദികള്‍ എന്ന് വിളിക്കുന്നതും ഇത് മദ്രസയാണോ എന്ന് ചോദിക്കുന്നതും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.ബി ജെ പി എം എല്‍ എ സതീഷ് റെഡ്ഡിയുടെ നേതൃത്വത്തിലാണ് ബെഡ് ലഭിക്കേണ്ടവരുടെ മുന്‍ഗണനാക്രമം അട്ടിമറിച്ചത് എന്ന് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ദ്ധിക്കുകയും ചികിത്സാ സൗകര്യങ്ങള്‍ അപര്യാപ്തമാവുകയും ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനം ഭരിക്കുന്ന ബി ജെ പി ക്കെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്.

ഇതില്‍ നിന്ന് രക്ഷപ്പെടാനാണ് പതിവു പോലെ പച്ചയായ വര്‍ഗീയ പ്രചരണം നടത്തുന്നത് എന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആരോപിക്കുന്നു. ഓക്‌സിജന്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതിനെക്കുറിച്ച് രാജ്യത്ത് വാര്‍ത്തകള്‍ വരുന്നുണ്ട്. ഇപ്പോഴിതാ ആശുപത്രി ബെഡുകള്‍ പോലും കരിഞ്ചന്തയില്‍ വില്‍ക്കുന്ന ജനപ്രതിനിധികളുടെ പാര്‍ട്ടിയായി ബി ജെ പി മാറിയിരിക്കുന്നു. മനുഷ്യര്‍ മരിച്ചു വീഴുമ്പോഴും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട നേതാക്കന്‍മാര്‍ മതം പറഞ്ഞ് നടക്കുന്നത് ലജ്ജാകരമാണ്. മഹാമാരിക്കാലത്തും മത വര്‍ഗീയതയുടെ പ്രചാരകനായയ തേജസ്വിക്കെതിരെ യൂത്ത് ലീഗ് ശക്തമായി പ്രതിക്ഷേധിക്കുന്നുവെന്ന് ദേശീയ പ്രസിഡണ്ട് ആസിഫ് അന്‍സാരി ജനറല്‍ സെക്രട്ടറി അഡ്വ: വി കെ ഫൈസല്‍ ബാബു എന്നിവര്‍ പറഞ്ഞു. പരാതിയില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ നിയമപരമായ എല്ലാ വഴികളിലൂടെയും പോരാട്ടം തുടരുമെന്നും നേതാക്കള്‍ പറഞ്ഞു.