തിരുവനന്തപുരം: രൂക്ഷമായ വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിസന്ധിക്കും പിന്നാലെ സംസ്ഥാനം മരുന്നുക്ഷാമത്തിലേക്ക്. വരും ദിവസങ്ങളില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പൈടെയുള്ള ഔഷധങ്ങളുടെ ലഭ്യത കുറഞ്ഞേക്കുമെന്നാണ് മുന്നറിയിപ്പ്. മരുന്നുകള്‍ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ യഥാസമയം പൂര്‍ത്തിയാക്കുന്നതില്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വരുത്തിയ വീഴ്ചയാണ് മരുന്ന് ക്ഷാമത്തിനിടയാക്കുന്നത്. കോവിഡ് കാലത്ത് നടത്തിയ പര്‍ച്ചേസ് അഴിമതിയിലൂടെ വിവാദത്തിലായ കെ.എം.എസ്.സി.എല്‍ വീണ്ടും സംശയനിഴലിലാണ്. കോവിഡ് കാലത്ത് പി.പി.ഇ കിറ്റ്, തെര്‍മോ മീറ്റര്‍ എന്നിവ ഉള്‍പെടെ വന്‍ വില നല്‍കി 275 കോടിയുടെ പര്‍ച്ചേസ് നടത്തിയെന്നായിരുന്നു ഉയര്‍ന്ന ആരോപണം. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇതിനെതിരെ കോടതിയെ സമീപിച്ചത്. ആരോപണം ഉയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ഫയലുകള്‍ കാണാതായതും വിവാദത്തിനിടയാക്കിയിരുന്നു.

ഇപ്പോള്‍ കെ.എം.എസ്.സി.എല്ലിന് വന്‍ വീഴ്ചയാണുണ്ടായിരിക്കുന്നത്. മരുന്ന് വാങ്ങുന്നതിനായുള്ള ഈ സാമ്പത്തിക വര്‍ഷത്തെ ടെന്‍ഡര്‍ നടപടികള്‍ യഥാസമയം പൂര്‍ത്തിയാക്കാന്‍ കോര്‍പറേഷന് കഴിഞ്ഞിരുന്നില്ല. കര്‍ശനമായ ടെന്‍ഡര്‍ മാനദണ്ഡങ്ങളാണ് മരുന്ന് വിതരണം വൈകിപ്പിക്കാനിടയാക്കിയത്. നിലവില്‍ 50 കോടി വിറ്റുവരവുള്ള കമ്പനികള്‍ക്ക് മാത്രമേ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അവസരം നല്‍കാവൂ എന്ന കര്‍ശന മാനദണ്ഡം വെച്ചതോടെ ചെറിയ കമ്പനികള്‍ ടെന്‍ഡറില്‍ നിന്ന് പുറത്തായി.

എന്നാല്‍ മാനദണ്ഡപ്രകാരം പങ്കെടുക്കാന്‍ യോഗ്യതയുള്ള വന്‍കിടക്കാര്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചതോടെ അന്തിമ ടെന്‍ഡര്‍ വൈകുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ടെന്‍ഡര്‍ നിരക്ക് അന്തിമമാക്കിയത്. എങ്കിലും കരാര്‍ ഒപ്പുവച്ച് പണം കെട്ടിവച്ച ശേഷം മാത്രമേ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കൂ എന്നിരിക്കെ ഈ നടപടികള്‍ പൂര്‍ത്തിയാകാന്‍ ഇനിയും ഒരുമാസത്തോളം സമയം വേണ്ടിവരും. ഇക്കാലയളവില്‍ മരുന്ന് ക്ഷാമം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ പല ഇടങ്ങളിലും അവശ്യ മരുന്നുകള്‍ കിട്ടാനില്ലെന്ന പരാതി വ്യാപകമാണ്. സംസ്ഥാനത്ത് മരുന്ന് ക്ഷാമത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് ജീവന്‍ രക്ഷാ മരുന്നുകളും ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകളും ഉള്‍പ്പെടെ പ്രധാനപ്പെട്ട മരുന്നുകള്‍ ഒന്നിച്ച് വാങ്ങുന്നതിന് ആരോഗ്യവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇതോടൊപ്പം നിലവില്‍ മരുന്നുകള്‍ കൂടുതലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് മരുന്ന് കുറവുള്ള ആശുപത്രികളിലേക്ക് ആവശ്യമായ സ്റ്റോക്ക് കൈമാറുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ജില്ലാ ആരോഗ്യ മേധാവിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് കാലത്ത് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍ വലിയ അഴിമതി നടന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്നുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ ഉല്‍പന്നങ്ങള്‍ വന്‍ വില നല്‍കി വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാല്‍ അസാധാരണ സാഹചര്യത്തില്‍ ഇത്തരം നടപടിക്രമങ്ങള്‍ സംബന്ധിച്ച് സാധാരണ തീരുമാനമെന്നായിരുന്നു ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം.