X

സാകിര്‍ നായികിനെതിരായ തീവ്രവാദക്കുറ്റം നിലനില്‍ക്കില്ല: മലേഷ്യ

ക്വാലാലംപൂര്‍: ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഡോ.സാകിര്‍ നായികിനെതിരായ തീവ്രവാദക്കുറ്റം നിലനില്‍ക്കില്ലെന്ന് മലേഷ്യ. ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദിയാണ് ഇക്കാര്യം പറഞ്ഞത്.

നായികിനെതിരെ ഉയര്‍ന്ന തീവ്രവാദ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ല. എല്ലാം അടിസ്ഥാനവിരുദ്ധമാണ്. അനാവശ്യമായി ഇന്ത്യന്‍ ദേശീയ ഏജന്‍സി അദ്ദേഹത്തെ വേട്ടയാടുകയാണെന്നും ഹമീദി പറഞ്ഞു.

‘ മലേഷ്യയിലും വിദേശത്തുമായി സാകിര്‍ നായിക് നടത്തിയ പ്രഭാഷണങ്ങള്‍ എന്റെ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചു. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും പരിശോധിച്ചെങ്കിലും അതില്‍ ഒന്നു പോലും തെറ്റായി തോന്നിയിട്ടില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പീസ് ടി.വി സംപ്രേക്ഷണം ചെയ്ത പരിപാടികളിലും തെറ്റ് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഭീകരവാദവുമായി ബന്ധപ്പെട്ട ഒരു കാര്യവും ഈ സമയം വരെ കണ്ടെത്താനായിട്ടില്ല’, ഹമീദി പറഞ്ഞു. സ്‌ട്രെയ്റ്റ് ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് ഹമീദി ഇക്കാര്യം പറഞ്ഞത്.

ഇന്ത്യ ഔദ്യോഗികമായി അപേക്ഷ നല്‍കിയാല്‍ നായികിനെ കൈമാറാന്‍ തയാറാണെന്ന് ഹമീദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പൗരത്വമോ പാസ്‌പോര്‍ട്ടോ റദ്ദാക്കില്ലെന്നും ഹമീദി വ്യക്തമാക്കി.

Also Read


സാകിര്‍ നായികിനെ കൈമാറും; പാസ്പോര്‍ട്ട് റദ്ദാക്കില്ലെന്ന് മലേഷ്യന്‍ ഭരണകൂടം


മലേഷ്യന്‍ നിയമവ്യവസ്ഥിതി അദ്ദേഹം ലംഘിക്കുകയോ രാജ്യ സുരക്ഷക്കു ഭീഷണി ഉയര്‍ത്തുകയോ ചെയ്യാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കേണ്ടതില്ലെന്നാണ് മലേഷ്യന്‍ ഭരണകൂടത്തിന്റെ തീരുമാനം.

അതേസമയം, നായികിനെ രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.

chandrika: