തിരുവനന്തപുരം: തൈക്കാട് 19കാരന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളെ ഇന്ന് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് രാജാജി നഗര്‍ സ്വദേശി അലന്‍ (19) കൊല്ലപ്പെട്ടത്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടക്കുന്നത്. തൈക്കാട് ഗ്രൗണ്ടില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തമ്പാനൂര്‍ തോപ്പില്‍ വാടകവീട്ടില്‍ താമസിക്കുകയാണ് മരിച്ച അലന്‍.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ കാപ്പാ കേസില്‍ ഉള്‍പ്പെട്ട ചരിത്രമുള്ളവനാണെന്ന് പൊലീസ് പറയുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മറ്റു പ്രതികളേക്കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചത്.
ഹെല്‍മറ്റ് ഉപയോഗിച്ച് തലയില്‍ അടിക്കുകയും കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയും ചെയ്തതായാണ് സാക്ഷികളും പ്രാഥമിക മൊഴികളും സൂചിപ്പിക്കുന്നത്. അലന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.