X

താനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

മലപ്പുറം താനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. അഞ്ചുടി സ്വദേശി ഇസ്ഹാഖ് ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ സി.പി.എം ആണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു.

വ്യാഴാഴ്ച വൈകീട്ട് 7.50ന് ഇസ്ഹാഖ് അഞ്ചുടി ജുമാമസ്ജിദിലേക്ക് നമസ്‌കാരത്തിന് പോകുന്ന സമയം പള്ളിക്കടുത്ത് വെച്ചാണ് സംഭവം. ഈ സമയത്ത് പ്രദേശത്ത് വൈദ്യുതി ഇല്ലായിരുന്നു. ഇരുട്ടില്‍ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇസ്ഹാഖിനെ ആസ്പത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ സി.പി.എം പ്രവര്‍ത്തകരാണ് ഇസ്ഹാഖിനെ കൊലപ്പെടുത്തിയത് എന്ന് ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രദേശത്ത് പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്. മൃതദേഹം തിരൂര്‍ ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പ്രദേശത്ത് ഏറെ നാളായി നിരന്തര സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. എന്നാല്‍ മുസ്‌ലിം ലീഗ് സി.പി.ഐ.എം ഉന്നത നേതാക്കള്‍ ഇടപെട്ട് ചര്‍ച്ച നടത്തി സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാന്‍ രംഗത്തുവന്നിരുന്നു. പിന്നീട് ഏറെ നാള്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ പോകുന്നതിനിടയിലാണ് വീണ്ടും ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത്.

അതേസമയം, താനൂര്‍ അഞ്ചുടിയിലെ യൂത്ത് ലീഗ് പ്രവര്‍ത്തന്‍ ഇസ്ഹാഖിനെ കൊലപാതകം നടന്നത് പി.ജയരാജന്റെ സന്ദര്‍ശത്തിന് പിന്നാലെയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ആരോപിച്ചു. ഒരാഴ്ച മുമ്പ് പ്രദേശത്ത് പി.ജയരാജന്‍ സന്ദര്‍ശനം നടത്തിയതായും അതിന് ശേഷം സി.പി.എം പ്രവര്‍ത്തകര്‍ ‘കൗണ്ട് ഡൗണ്‍’ എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായും പ്രദേശത്തുള്ളവര്‍ പറയുന്നതായ വാട്‌സ്അപ്പ് സന്ദേശം പ്രചരിച്ചതായി പികെ ഫിറോസ് ഫെയ്‌സ് ബുകില്‍ കുറിച്ചു

chandrika: