X

കൃതജ്ഞത മനസിന്റെ സൗന്ദര്യം-റാശിദ് ഗസ്സാലി

എല്ലാവരും ആഗ്രഹിക്കുന്നതും എന്നാല്‍ പ്രാവര്‍ത്തികമാക്കാന്‍ ഏറെ മടിയുള്ളതുമായ ഒരു ശീലമാണ് നന്ദി. അവനൊരു നന്ദിയുള്ളവനാണ്, അയാളൊരു നന്ദി കെട്ടവനാണ്, നിത്യേനെ എന്നപോലെ നാം കേട്ട് പഴകിയ രണ്ട് പ്രയോഗങ്ങളാണിവ. അപൂര്‍വമായാണ് ആദ്യ വാചകം വര്‍ത്തമാന ലോകത്ത് കേള്‍ക്കുന്നത്. എന്നാല്‍ രണ്ടാമത്തത് സര്‍വ്വ സാധാരണമായിരിക്കുന്നു.

പ്രപഞ്ച നാഥനോട് ,വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളോട്, അക്ഷരങ്ങള്‍ നുകര്‍ന്ന് തന്ന ഗുരുവര്യരോട്, ജീവിതയാത്രയില്‍ കൈത്താങ്ങായി നിന്ന സുമനസ്സുകളോട് തുടങ്ങി സര്‍വരോടും നന്ദി കാണിക്കുക ഉല്‍കൃഷ്ടമായ ഒരു സ്വഭാവ ഗുണമാണ്. നാം മറ്റുള്ളവര്‍ക്ക് നന്മ ചെയ്ത് കൊടുക്കുമ്പോള്‍ നന്ദി പ്രതീക്ഷിക്കാതിരിക്കുകയും നമുക്ക് നന്മ ചെയത് തന്നവരോടൊക്കെ നന്ദിയുള്ളവരാകുകയും ചെയ്യുക. നമ്മള്‍ ചെയ്ത നന്മകള്‍ അപ്പോള്‍ തന്നെ ദൈവപ്രീതി മാത്രം പ്രതീക്ഷിച്ച് മറന്നേക്കുക അല്ലാത്ത പക്ഷം തികഞ്ഞ നിരാശയും മടുപ്പും വന്നു ചേരും.

ഇത്രയൊക്കെ ചെയ്തിട്ടും എന്നോടിത് ചെയ്യരുതായിരുന്നു എന്നരൂപത്തിലുള്ള കടുത്ത നിരാശയുടെ നിമിഷങ്ങള്‍ കൂടുതല്‍ നന്മ ചെയ്യുന്നതില്‍ നിന്ന് നമ്മെ അകറ്റുകയും മുന്നില്‍ കാണുന്നവരെയെല്ലാം നന്ദികെട്ടവരായി സംശയിക്കുന്ന തരത്തില്‍ മനസ്സിനെ കൊണ്ടെത്തിക്കുകയും ചെയ്യും. ‘ദൈവിക പ്രതിഫലം കൊതിച്ച് കൊണ്ട് മാത്രമാണ് നിങ്ങളെ നാം ഊട്ടുന്നത്. ഒരു പ്രതിഫലമോ നന്ദി വാക്ക് പോലുമോ പ്രതീക്ഷിക്കാതെയാണ് അവ തുടരുന്നത്’ ധന്യമായ മനസ്സോടെ ദാന ധര്‍മങ്ങള്‍ ചെയ്യുന്ന ദൈവഭക്തരുടെ വിശേഷണമായാണ് വിശുദ്ധ ഖുര്‍ആന്‍ ഇത് പങ്കുവെക്കുന്നത്. മാത്രമല്ല നന്ദി പ്രകടിപ്പിക്കുന്നത് തനിക്ക് തന്നെയാണ് നേട്ടമുണ്ടാക്കുക എന്നാണ് ഖുര്‍ആനിക ഭാഷ്യം. അത് അനുഗ്രഹങ്ങളെ നിസ്സീമമായി വര്‍ധിപ്പിക്കുകയും ചെയ്യും.

ആധുനിക മനശാസ്ത്ര വിശകലനങ്ങള്‍ ഏറെ പ്രാധാന്യത്തോടെ പങ്കുവെക്കുന്ന ഒരു മൂല്യമാണ് നന്ദി കാണിക്കുന്നവരാകുക എന്നത്. അത് വഴി മനസ്സ് കൂടുതല്‍ ശക്തമാവുകയും നന്മകളെ തന്നിലേക്ക് ആകര്‍ഷിപ്പിക്കാന്‍ വഴിയൊരുക്കുകയും ചെയ്യും.
എന്നല്ല അത്തരം മൂല്യം കൊണ്ട്‌നടക്കുന്നവര്‍ക്കിടയില്‍ മാനസിക ജന്യ രോഗങ്ങള്‍ പോലും വലിയരളവോളം അപ്രത്യക്ഷമാകുമെന്നാണ് വിവക്ഷിക്കുന്നത്. ചുരുക്കത്തില്‍ നന്ദി ഉണ്ടാവുക, നന്ദി പ്രകടിപ്പിക്കുക തുടങ്ങിയ ശീലങ്ങള്‍ മനുഷ്യനെ യഥാര്‍ത്ഥ ജീവിത വസന്തം അനുഭവിക്കാന്‍ പ്രാപ്തമാക്കും.

കുഞ്ഞ് കുഞ്ഞ് കാര്യങ്ങള്‍ക്കു പോലും ബോധപൂര്‍വം നന്ദി പറഞ്ഞ് തുടങ്ങുകയാണ് പ്രസ്തുത ശീലം സ്വായത്തമാക്കാനുള്ള എളുപ്പവഴി. സ്വന്തം വീട്ടിലെ പാചകറാണിയായ ഭാര്യയും കുടുംബനാഥനായ ഭര്‍ത്താവും വീടിന്റെ അലങ്കാരമായ മക്കളും, കൂലി കൊടുത്തിട്ടാണെങ്കിലും നമുക്ക് വേണ്ടി അത്യാധ്വാനം ചെയ്യുന്നവരും ആ നന്ദിവാക്കുകളുടെ സൗന്ദര്യം ആസ്വദിക്കേണ്ടവരാണ്. ഓരോ നിമിഷത്തിലും ഓര്‍ത്തെടുത്താല്‍ എത്രപേരോട് നാം നന്ദി പറയേണ്ടതുണ്ടാവും. ഒരിക്കലും നന്ദികെട്ടവര്‍ എന്ന് വിളിക്കപെടാന്‍ ഇടവരുത്താതെ ജീവിക്കാന്‍ പരിശ്രമിച്ചോണ്ടിരിക്കുക. അതാവട്ടെ വ്രതനാളുകളിലെ നമ്മുടെ പ്രതിജ്ഞ.

Chandrika Web: