സംഘ്പരിവാറിനെ വെളുപ്പിക്കാനുള്ള ക്വട്ടേഷൻ സി.പി.എം ഏറ്റെടുത്തിരിക്കുകയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പി.എം.എ സലാം പ്രസ്താവിച്ചു. നേതാക്കളെ സ്വാതന്ത്ര്യസമരപോരാളികളും മതേതരത്വത്തിന്റെ വക്താക്കളുമാക്കി വിശുദ്ധരാക്കുകയാണ് സംഘ്പരിവാർ. ബി.ജെ.പി നേതാവ് മാരാരെയും അത്‌വഴി സംഘ്പരിവാറിനേയും വെളുപ്പിച്ചെടുക്കാനുളള ശ്രമമാണ് സി.പി.എം രാജ്യസഭാംഗം നടത്തിയത്. ബാബരി മസ്ജിദ് ധ്വംസനത്തിനും നൂറ്ക്കണക്കിന് വംശീയ കലാപങ്ങൾക്കും നേതൃത്വം കൊടുത്ത സംഘ്പരിവാറിനേയും അതിന്റെ നേതാവായിരുന്ന കെ.ജി മാരാരെയും സി.പി.എം എത്രതന്നെ വെളുപ്പിക്കാൻ ശ്രമിച്ചാലും രാജ്യത്തിലെ മതേതര സമൂഹം അത് തളളിക്കളയുമെന്നം പി.എം.എ സലാം പറഞ്ഞു.

ഒരു പ്രത്യേക വിഭാഗത്തോടുളള വിദ്വേഷം മുഖമുദ്രയാക്കി പ്രവർത്തിച്ചു എന്നത് മാത്രമാണ് കേരളീയ സമൂഹത്തിൽ കെ.ജി മാരാർ പ്രതിനിധാനം ചെയ്ത സംഘടനകളുടെ എക്കാലത്തേയും സംഭാവന. ബ്രിട്ടീഷുകാർക്ക് സവർക്കർ മാപ്പെഴുതി നൽകിയത് ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമായിരുന്നു എന്ന ബി.ജെ.പി നേതാവിന്റെ പ്രസ്താവനക്ക് പിറകേ കെ.ജി മാരാരെ വിശുദ്ധനാക്കിയുളള സി.പി.എം എം.പിയുടെ പ്രസംഗം യാദൃച്ഛികമെന്ന് കരുതാനാവില്ല. രണ്ടും കൂട്ടിവായിക്കുമ്പോൾ വെളുപ്പിച്ചെടുക്കൽ അജണ്ടയിലെ സഹകരണം വ്യക്തമാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സി.പിഎം അന്തർധാരയുടെ ഫലമായി ഇടത്പക്ഷം നേടിയ തുടർഭരണത്തിനുളള നന്ദി പറച്ചിൽ കൂടിയാണ് കെ.ജി മാരാർക്കുളള സി.പി.എമ്മിന്റെ മംഗളപത്രമെന്നും പി.എം.എ സലാം പറഞ്ഞു.