തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുരുക്കില്‍ നിന്നും കുരുക്കിലേക്ക് നയിക്കുമ്പോള്‍ വിവാദത്തെ രാഷ്ട്രീയമായോ നിയമപരമായോ നേരിടാനാകാതെ സി.പി.എം. തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും സ്വപ്‌നാ സുരേഷ് ആവര്‍ത്തിക്കുമ്പോള്‍ മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും പരുങ്ങലിലാണ്. പ്രതിഷേധങ്ങള്‍ തണുപ്പിച്ച് പ്രതിരോധം തീര്‍ക്കാന്‍ പോലും പഴുതില്ലാത്ത വിധം സി.പി.എമ്മിനിത് തലവേദനയായിരിക്കുന്നു.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍തട്ടിപ്പ് കേസിലെ പ്രതി ഉന്നയിച്ച ആരോപണങ്ങള്‍ കൊട്ടിഘോഷിച്ച് സെക്രട്ടറിയേറ്റ് വളയാന്‍ വരെ നേതൃത്വം നല്‍കിയ പിണറായിക്ക് ഇപ്പോഴത്തെ സാഹചര്യത്തെ രാഷ്ട്രീയമായി നേരിടാനാകുന്നില്ല. ഉമ്മന്‍ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നിയമസഭക്കുള്ളിലും പുറത്തും അപഹസിച്ചതും പോസ്റ്ററും ഫ്‌ളക്‌സും നിരത്തി അപമാനിച്ചതും വിസ്മരിക്കാനാവില്ലെന്നും രണ്ടുനീതിയുടെ രാഷ്ട്രീയമെന്തെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോദിക്കുന്നു.

എന്നാല്‍ അതിനോട് ഇപ്പോഴത്തെ സംഭവവികാസങ്ങളെ ഉപമിക്കാനാവില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലിതുവരെ കേട്ടുകേള്‍വിയില്ലാത്ത ഗുരുതരമായ ആരോപണമാണ് പിണറായി നേരിടുന്നത്. നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയെന്നാണ് കേസ്. അതിന് മുഖ്യമന്ത്രിയുടെ ഓഫീസും ഔദ്യോഗിക സംവിധാനങ്ങളും ദുരുപയോഗം ചെയ്‌തെന്നാണ് വെളിപ്പെടുത്തല്‍. മുന്‍കാല രാഷ്ട്രീയ വിവാദങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണിത് എന്നതുകൊണ്ടുതന്നെ പിണറായിക്കും സി.പി.എമ്മിനും ന്യായീകരിക്കാന്‍ പോലും പഴുതില്ല.

അതേസമയം പ്രതികരണങ്ങള്‍ നിന്നകന്നു നില്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.സ്വപ്‌നയുടെ ആരോപണത്തിന് പിന്നാലെ സി.പി.എം നേതാക്കള്‍ മുഖ്യമന്ത്രിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രസ്താവനയിറക്കിയിരുന്നു. എന്നാലിപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന് നാവില്ല. മുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.ഐയാകട്ടെ ‘ഞങ്ങള്‍ ഈ നാട്ടുകാരല്ല’ എന്ന ഭാവത്തില്‍ ഗ്യാലറിയിലിരുന്ന് കളി കാണുന്നു. എല്ലാംകൊണ്ടും മുഖ്യമന്ത്രിയും സി.പി.എമ്മും സര്‍ക്കാരും അഗ്നിപരീക്ഷ തന്നെയാണ് നേരിടുന്നത്.

ഇതിനിടെ മുഖ്യമന്ത്രിക്കെതിരായ മൊഴി മാറ്റാന്‍ ഇടനിലക്കാരെ കളത്തിലിറങ്ങിയത് വിവാദത്തിന് മൂര്‍ച്ച കൂട്ടി. സ്വപ്‌ന ഇന്നലെ ജാമ്യഹര്‍ജിയില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയെങ്കില്‍ രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്ന ഇടപാടുകളാണ് നയതന്ത്രചാനല്‍ വഴി നടന്നത്.മുഖ്യമന്ത്രിക്കെതിരായി നല്‍കിയ മൊഴി മാറ്റിപ്പറയണമെന്നാവശ്യപ്പെട്ട് ഇടനിലക്കാരന്‍ സ്വപ്‌നയെ സമീപിച്ചതാണ് പുതിയ വിവാദം.