Connect with us

News

ഗാസയിലെ അൽ-ഷിഫ ആശുപത്രി ഡയറക്ടറെ ഇസ്രാഈല്‍ സൈന്യം അറസ്റ്റ് ചെയ്തു

അല്‍-ഷിഫ ആശുപത്രി ഹമാസ് താവളമെന്നാരോപിച്ചായിരുന്നു അറസ്റ്റ്.

Published

on

ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍-ഷിഫയുടെ ഡയറക്ടറെ അറസ്റ്റ് ചെയ്ത് ഇസ്രാഈല്‍ സൈന്യം. ഡോ. മുഹമ്മദ് അബു സല്‍മിയയേയും മറ്റു മുതിര്‍ന്ന ഡോക്ടര്‍മാരേയുമാണ് അറസ്റ്റ് ചെയ്തത്. അല്‍-ഷിഫ ആശുപത്രി ഹമാസ് താവളമെന്നാരോപിച്ചായിരുന്നു അറസ്റ്റ്.

നേരത്തെ രണ്ട് ഫലസ്തീന്‍ പാരാമെഡിക്കുകളെ ഇസ്രാഈല്‍ സേന അറസ്റ്റ് ചെയ്തിരുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വടക്കന്‍ ഗാസയില്‍ ഇസ്രാഈല്‍ ഏറ്റവുമധികം ആക്രമിക്കുന്നത് അല്‍-ഷിഫ ആശുപത്രിയെയാണ്. കഴിഞ്ഞ ആഴ്ചയില്‍ ആശുപത്രിയില്‍ ഇസ്രാഈല്‍ റെയ്ഡ് നടത്തിയിരുന്നു. അല്‍-ഷിഫ ആശുപത്രി കേന്ദ്രീകരിച്ചാണ് ഹമാസിന്റെ പ്രവര്‍ത്തനമെന്ന് ആരോപിച്ചായിരുന്നു ഇസ്രാഈലിന്റെ ഈ നീക്കവും.

എന്നാല്‍ ഹമാസും ആശുപത്രി അധികൃതരും ഈ അവകാശവാദങ്ങള്‍ ആവര്‍ത്തിച്ച് നിഷേധിച്ചിരുന്നു. ഗാസയിലെ അല്‍-ഷിഫ അടക്കമുള്ള ആശുപത്രികളെ കമാന്‍ഡ് കേന്ദ്രങ്ങളായി ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം ഹമാസ് നിഷേധിച്ചു. ഇസ്രാഈലും അമേരിക്കയും ‘ക്രൂരമായ കൂട്ടക്കൊലകളെ’ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതായി ഹമാസ് ആരോപിക്കുകയും ചെയ്തിരുന്നു.

അതേസമയം, ജബലിയ ക്യാമ്പിലെ ആക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടു. നുസൈറത്ത് അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ ആക്രമണത്തില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഖത്തറിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ ഗാസയില്‍ താത്ക്കാലിക വെടിനിര്‍ത്തലിന് ധാരണയായിരുന്നു. കരാറിന് ഇസ്രാഈല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തു.

 

india

പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍

വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റിനുള്ള ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. നിലവിലെ നിരക്കിനെക്കാള്‍ 10 ഇരട്ടി വരെ കൂടുതല്‍ ഫീസാണ് പുതിയ നിയമപ്രകാരം ഈടാക്കുക. ഇതോടൊപ്പം, ഫിറ്റ്‌നസ് ടെസ്റ്റ് നിര്‍ബന്ധമാകുന്ന പ്രായപരിധിയും 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി കുറച്ചു. വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹനം പഴക്കമാകുന്നതനുസരിച്ച് ഉയര്‍ന്ന നിരക്കാണ് ഇനി ബാധകമാകുന്നത്.

20 വര്‍ഷത്തിലധികം പഴക്കമുള്ള ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കാണ് ഏറ്റവും വലിയ വര്‍ധനവ്. ഇതുവരെ 2,500 രൂപയായിരുന്ന ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് ഇനി 25,000 രൂപ ആകും. ഇതേ പ്രായത്തിലുള്ള മിഡിയം കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ 1,800 രൂപയ്ക്ക് പകരം 20,000 രൂപ നല്‍കണം. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 15,000 രൂപയും മൂന്ന് ചക്രവാഹനങ്ങള്‍ക്ക് 7,000 രൂപയും ഈടാക്കും. 20 വര്‍ഷം പഴക്കമുള്ള ടു വീലറുകളുടെ ഫീസ് 600 രൂപയില്‍ നിന്ന് 2,000 രൂപ ആയി ഉയര്‍ന്നു. പുതുക്കിയ റൂള്‍ 81 പ്രകാരം 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫീസ് വര്‍ധിച്ചിട്ടുണ്ട്. മോട്ടോര്‍സൈക്കിളുകള്‍ക്കായി 400 രൂപ, LMV-കള്‍ക്കായി 600 രൂപ, മിഡിയം-ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കായി 1,000 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. റോഡുകളില്‍ നിന്ന് പഴയതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങള്‍ നീക്കം ചെയ്യാനും വാഹന സ്‌ക്രാപ്പേജ് നയത്തെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ഫീസ് വര്‍ധനയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉയര്‍ന്ന നിരക്ക് പഴക്കം ചെന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ചെലവേറിയതാക്കിയതിനാല്‍, അവ മാറ്റി പുതിയ മോഡലുകള്‍ വാങ്ങാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമെന്നും വിലയിരുത്തപ്പെടുന്നു.പുതിയ ഫീസ് രാജ്യത്തുടനീളം ഉടന്‍ പ്രാബല്യത്തില്‍ വന്നു.

Continue Reading

kerala

മുസ്‌ലിം ലീഗ് നേതാവ് എന്‍.കെ.സി. ഉമ്മര്‍ സാഹിബിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കെ. സൈനുല്‍ ആബിദീന്‍ സഫാരി

പാനൂര്‍ മഹല്ല് ജമാഅത്തിന്റെ പ്രസിഡന്റ് ആയിരുന്ന എന്‍.കെ.സി. ഉമ്മര്‍ സാഹിബ് (80) വിയോഗം നാടിന്റെ തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

Published

on

മുസ്‌ലിം ലീഗ് നേതാവ് എന്‍.കെ.സി. ഉമ്മര്‍ സാഹിബിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുല്‍ ആബിദീന്‍ സഫാരി. പാനൂര്‍ മഹല്ല് ജമാഅത്തിന്റെ പ്രസിഡന്റ് ആയിരുന്ന എന്‍.കെ.സി. ഉമ്മര്‍ സാഹിബ് (80) വിയോഗം നാടിന്റെ തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മര്‍ സാഹിബ് പകര്‍ന്ന മാനുഷികതയും വിലപ്പെട്ട ഓര്‍മ്മകളും പാനൂരിലെയും സമീപ പ്രദേശങ്ങളിലിലെയും പൊതുപ്രവര്‍ത്തകരുടെ കര്‍മ്മമണ്ഡലങ്ങളില്‍ ഒരു വഴികാട്ടിയായിരിക്കുമെന്നും സൈനുല്‍ ആബിദീന്‍ സഫാരി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഓര്‍മ്മകളില്‍ ജ്വലിച്ച് എന്‍.കെ.സി
കെ. സൈനുല്‍ ആബിദീന്‍ സഫാരി
(മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ്)

പാനൂര്‍ മഹല്ല് ജമാഅത്തിന്റെ പ്രസിഡന്റും മുസ്ലിം ലീഗിന്റെ സമുജ്ജ്വല നേതാവുമായിരുന്ന എന്‍.കെ.സി. ഉമ്മര്‍ സാഹിബ് (80) വിയോഗം നാടിന്റെ തീരാനഷ്ടമാണ്. വ്യക്തിപരമായും പൊതുരംഗത്തും അദ്ദേഹവുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന എന്റെ മനസില്‍ ഈ വിയോഗം മാനസികമായ വലിയ വേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

എന്‍.കെ.സി. ഉമ്മര്‍ സാഹിബിനെ ആദ്യം പരിചയപ്പെട്ടത്, എന്റെ സഹോദരിയുടെ ഭര്‍ത്താവും മുസ്ലിം ലീഗിന്റെ പ്രമുഖനുമായ കെ.കെ. മുഹമ്മദ് വഴിയായിരുന്നു. ബാല്യകാലം മുതലേ കെ.കെ. മുഹമ്മദ് സാഹിബുമായി അദ്ദേഹം അടുത്ത സൗഹൃദത്തിലായിരുന്നു. പിന്നീട്, ആ സൗഹൃദബന്ധത്തില്‍ ഞാനും പങ്കാളിയായി. അദ്ദേഹത്തിന്റെ കുടുംബവുമായും എനിക്ക് ഹൃദയബന്ധം നിലനിന്നിരുന്നു.
‘പാനൂര്‍’ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ഓര്‍മ്മയില്‍ ആദ്യം പ്രത്യക്ഷപ്പെടുന്ന മുഖങ്ങളിലൊന്ന് എന്‍.കെ.സി. ഉമ്മര്‍ സാഹിബിന്റേതാണ്. മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനമേഖലയായാലും, മഹല്ല് ജമാഅത്തിന്റെ കാര്യങ്ങളായാലും, പാനൂരിന്റെ പര്യായമായിരുന്നു എന്‍.കെ.സി മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം മുന്‍ ട്രഷറര്‍ എന്ന നിലയില്‍ ലീഗിന്റെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. പാരമ്പര്യമുള്ള ഒരു കുടുംബത്തിന്റെ വൈഭവം അദ്ദേഹം ജീവിതത്തിലുടനീളം പ്രതിഫലിപ്പിച്ചു.

പാനൂരിന്റെ ചരിത്രത്തിലെ ഒരു പ്രധാന അധ്യായമായിരുന്നു എന്‍.കെ.സി, കെ.എം. സൂപ്പി കൂട്ടുകെട്ട്. കെ.എം. സൂപ്പി സാഹിബിനെ മുസ്ലിം ലീഗില്‍ എത്തിക്കുന്നതിലും അദ്ദേഹം നിര്‍ണായകമായ നേതൃപങ്ക് വഹിച്ചു. അതുപോലെ, എന്റെ ഭാര്യയുടെ കുടുംബമായ പുല്ലാഞ്ഞിയോട്ട് കുടുംബവുമായും അദ്ദേഹത്തിന് വലിയ അടുപ്പമുണ്ടായിരുന്നു. ഭാര്യാപിതാവുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം ഏറെ സ്‌നേഹപൂര്‍ണ്ണമായിരുന്നു. വ്യക്തിബന്ധങ്ങള്‍ക്ക് അദ്ദേഹം നല്‍കിയിരുന്ന പ്രാധാന്യം വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്തതാണ്.

അദ്ദേഹം അസുഖബാധിതനായി കഴിയുമ്പോള്‍ ഞാന്‍ സന്ദര്‍ശിച്ചിരുന്നു. ആ അവസരത്തിലെ അദ്ദേഹത്തിന്റെ വാക്കുകളും സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റവും ഇന്നും മനസില്‍ തിളക്കത്തോടെ നില്‍ക്കുന്നുണ്ട്.
പ്രിയപ്പെട്ട ഉമ്മര്‍ സാഹിബിന്റെ വേര്‍പാട് പൊതുപ്രവര്‍ത്തന രംഗത്ത് ഒരു ശൂന്യത സൃഷ്ടിച്ചേക്കാം. എങ്കിലും, അദ്ദേഹം പകര്‍ന്ന മാനുഷികതയും വിലപ്പെട്ട ഓര്‍മ്മകളും പാനൂരിലെയും സമീപ പ്രദേശങ്ങളിലിലെയും പൊതുപ്രവര്‍ത്തകരുടെ കര്‍മ്മമണ്ഡലങ്ങളില്‍ ഒരു വഴികാട്ടിയായിരിക്കും.

ഭാര്യ ഹാജറ, മക്കളായ സൈബുന്നിസ, ഷമീം (ദുബായ്), സമീര്‍ (സ്വര്‍ണ്ണ മഹല്‍), സഹീര്‍, ശക്കീര്‍ (ഖത്തര്‍), സബീന, സൈബു എന്നിവര്‍ക്കും മരുമക്കളായ ഷംസു പോയില്‍ (ദുബായ്), സുബൈര്‍ (ബഹ്‌റൈന്‍), സറീന, സാജിറ, ജസീല, ആബിദ എന്നിവര്‍ക്കും സഹോദരങ്ങളായ കെ.സി. അബ്ദുള്ള, ഉസ്മാന്‍ നെല്ലൂര്‍, പരേതരായ അബു, മഹമൂദ്, യൂസഫ്, അബൂബക്കര്‍, ആസ്യ എന്നിവര്‍ക്കും അവരുടെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഞാനും എന്റെ കുടുംബവും ദുഃഖത്തില്‍ പങ്കുചേരുന്നു.

 

Continue Reading

kerala

ശബരിമലയിലെ തിരക്ക് സ്വന്തം കെടുകാര്യസ്ഥത മറച്ചുവെക്കാനുള്ള സര്‍ക്കാറിന്റെ നീക്കത്തിനിടെ ഉണ്ടാക്കിവെച്ച പിടിപ്പുകേട്; കെ.സി വേണുഗോപാല്‍

ഇനിയെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Published

on

ശബരിമലയില്‍ സര്‍ക്കാര്‍ ഉത്തരവാദിത്ത ബോധമില്ലാതെ പെരുമാറിയെന്നും നിരുത്തരവാദപരമായ സമീപനം കാരണമാണ് ഇന്നത്തെ അസാധാരണമായ തിരക്കുണ്ടായതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ റിവ്യൂ മീറ്റിങുകളൊന്നും നടന്നില്ല. ചെയ്യേണ്ട കാര്യങ്ങളൊന്നും സര്‍ക്കാര്‍ ചെയ്തില്ല. ഇനിയെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

‘സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണമായ നിരുത്തരവാദപരമായ സമീപനം കാരണമാണ് ഇന്നത്തെ അസാധാരണമായ തിരക്ക്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് മുഖം രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഇക്കാര്യം ഇവര്‍ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. മുന്‍കാലങ്ങളിലൊക്കെ എത്ര റിവ്യൂ മീറ്റിങുകള്‍ നടത്താറുണ്ട്. എല്ലാ ഏജന്‍സികളെയും വിളിച്ചുകൂട്ടി സാധാരണ റിവ്യൂ മീറ്റിങുകള്‍ നടത്താറുണ്ട്. എന്നാല്‍, ഇത്തവണ അതൊന്നും കണ്ടില്ല.’ കെ.സി പറഞ്ഞു.

തെരഞ്ഞെടുപ്പിനെ കുറ്റം പറഞ്ഞതുകൊണ്ട് മാത്രം ഒന്നും ആയില്ല, സ്വന്തം കെടുകാര്യസ്ഥത മറച്ചുവെക്കാനുള്ള ശ്രമത്തിനിടെ ഉണ്ടാക്കിവെച്ച പിടിപ്പുകേടാണ് ഇന്നത്തെ ശബരിമലയിലെ തിരക്കെന്നും കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

വൃശ്ചിക പുലരിയില്‍ നിരവധി ഭക്തരാണ് ശബരിമലയിലേക്ക് എത്തിച്ചേര്‍ന്നത്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം തീര്‍ഥാടകരാണ്. തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ സതിയാണ് മരിച്ചത്. ഇവരുടെ മൃതദേഹം പമ്പ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. നടപ്പന്തല്‍, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി, എന്നിവിടങ്ങളില്‍ കനത്ത ക്യൂ തുടരുകയാണ്.

Continue Reading

Trending