Connect with us

india

ലക്ഷദ്വീപിനോടുള്ള ശത്രുതാ മനോഭാവം അവസാനിപ്പിക്കണം, യാത്രാ കപ്പല്‍ സേവനം അടിയന്തരമായി പുനഃസ്ഥാപിക്കണം; പി.വി അബ്ദുല്‍ വഹാബ് എം.പി

പുതിയ അഡ്മിനിസ്ട്രേറ്ററുടെ ഇത്തരം പ്രവര്‍ത്തികളെ കടുത്ത ഭാഷയില്‍ എംപി വിമര്‍ശിച്ചു.

Published

on

ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ യാത്ര സേവനങ്ങളുടെ അപര്യാപ്തത അടിയന്തരമായി പരിഹരിക്കണമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് രാജ്യസഭാ അംഗം പി.വി അബ്ദുല്‍ വഹാബ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശൂന്യവേളയില്‍ നടന്ന ചര്‍ച്ചയില്‍ കപ്പലിന്റെ കുറവ് കാരണം ലക്ഷദ്വീപ് ജനതയും ടൂറിസവും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കവെയാണ് വഹാബ് എം.പി ഈ ആവശ്യം ഉന്നയിച്ചത്.

നേരത്തെ ലക്ഷദ്വീപിലേക്ക് ഏഴ് യാത്രാ കപ്പലുകളായിരുന്നു പ്രവര്‍ത്തനത്തിലുണ്ടായിരുന്നത്. ഇത് പുതിയ അഡ്മിനിസ്ട്രേറ്റര്‍ വന്നതോടെ ഒരെണ്ണമായ കുറച്ചു. ബേപ്പൂരിന്ന് സര്‍വീസ് നടത്തിയിരുന്ന അമിനി ദ്വീപ്, മിനിക്കോയ് ദ്വീപ് എന്ന രണ്ടു കപ്പലുകളും യാതൊരു നോട്ടീസുമില്ലാതെ സേവനം നിര്‍ത്തിവച്ചു. എംവി കവരത്തി എന്ന 700 പേരെ ഉള്‍കൊള്ളുന്ന കപ്പല്‍ ഇടവേളയില്ലാതെ സര്‍വീസ് നടത്തിയതോടെ കാര്യമായ തേയ്മാനം വരുകയും കപ്പലിന് തീ പിടിക്കുകയും ചെയ്തു. ഇത് 650ഓളം യാത്രക്കാര്‍ മണിക്കൂറുകളോളം നടുക്കടലില്‍ യാതൊരു സഹായവുമില്ലാതെ കുടുങ്ങുന്നതിന് കാരണമായി. ഇത്തരം സംഭവങ്ങള്‍ക്ക് ശേഷം മാത്രമാണ് 2 പുതിയ കപ്പലുകള്‍, എംവി കോറല്‍സും എംവി ലഗൂണ്‍സും സര്‍വീസ് നടത്താനാരംഭിച്ചത്. 400 പേരുടെ കപ്പാസിറ്റി മാത്രമുള്ള ഈ കപ്പലുകള്‍ 7 കപ്പലുകളുടെ കപ്പാസിറ്റിയുമായും എങ്ങനെ താരതമ്യം ചെയ്യാന്‍ പറ്റുമെന്ന് വഹാബ് എം.പി ചോദിച്ചു. കപ്പലുകളുടെ കുറവ് കാരണം ലക്ഷദ്വീപ് നിവാസികള്‍ കൊച്ചിയില്‍ ആഴ്ചകളോളം താമസിച്ചാണ് ടിക്കറ്റ് തരപ്പെടുത്തുന്നത്. ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് വരാനുമുള്ള സാഹചര്യം മറ്റൊന്നല്ല.

ഇത് ടൂറിസം വ്യവസായത്തെയും കാര്യമായി ബാധിച്ചിരിക്കുന്നു. ദിവസങ്ങളോളം കാത്തു നിന്ന് ടിക്കറ്റ് എടുക്കുക എന്നത് ഒരു ടൂറിസ്റ്റിനെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്. ലക്ഷദ്വീപിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവും ഇക്കാരണത്താലാണ്. കപ്പലുകളുടെ എണ്ണം കുറഞ്ഞതോടെ ടിക്കറ്റ് നിരക്കും ഗണ്യമായി കൂടി. 100 ശതമാനമാണ് ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവുണ്ടായത്. ലക്ഷദ്വീപ് നിവാസികളുടെ യാത്ര സ്വാതന്ത്ര്യത്തെയാണ് ഇത് ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് എം.പി അഭിപ്രായപ്പെട്ടു.

പുതിയ അഡ്മിനിസ്ട്രേറ്ററുടെ ഇത്തരം പ്രവര്‍ത്തികളെ കടുത്ത ഭാഷയില്‍ എംപി വിമര്‍ശിച്ചു. എത്രയും പെട്ടെന്ന് 5 കപ്പല്‍ സര്‍വീസെങ്കിലും പുനഃസ്ഥാപിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. 2 സര്‍വീസുകള്‍ ബേപ്പൂരില്‍ നിന്നും 3 എണ്ണം കൊച്ചിയില്‍ നിന്നും വേണം. കപ്പല്‍ അപകടത്തില്‍ പെടുന്ന സാഹചര്യമുണ്ടായാല്‍ ഉടനെ ജീവന്‍ രക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഒരു റാപിഡ് റെസ്പോണ്‍സ് ടീമിനെ നിയമിക്കണണെമെന്നും ടിക്കറ്റ് ചാര്‍ജിലുണ്ടായ വര്‍ദ്ധനവ് പിന്‍വലിക്കണമെന്നും എംപി ആവശ്യം ഉന്നയിച്ചു. ലക്ഷദ്വീപിനെ മറ്റൊരു കാശ്മീരാക്കാനുള്ള എല്ലാ ശ്രമത്തെയും പാര്‍ട്ടി ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കുമെന്ന് എം.പി അഭിപ്രായപ്പെട്ടു. ഇത്തരം അനൗദ്യോഗിക യാത്ര വിലക്കുകള്‍ സര്‍ക്കാരിന്റെയും അഡ്മിനിസ്ട്രേഷന്റെയും ലക്ഷദ്വീപിനോടുള്ള ശത്രുത മനോഭാവമാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പോക്‌സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്.

Published

on

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി. ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്. കേസില്‍ യെദ്യൂരപ്പയെ കൂടാതെ അരുണ്‍ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികള്‍.

ബംഗളൂരു സദാശിവനഗര്‍ പൊലീസാണ് അതിജീവിതയുടെ അമ്മ നല്‍കിയ പരാതിയില്‍ യെദ്യൂരപ്പയുടെ പേരില്‍ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സര്‍ക്കാര്‍ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

കേസില്‍ യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയില്‍ അത്യാവശ്യമല്ലെങ്കില്‍ നേരിട്ട് ഹാജരാകാന്‍ യെദ്യൂരപ്പയെ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.

Continue Reading

india

പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍

വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റിനുള്ള ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. നിലവിലെ നിരക്കിനെക്കാള്‍ 10 ഇരട്ടി വരെ കൂടുതല്‍ ഫീസാണ് പുതിയ നിയമപ്രകാരം ഈടാക്കുക. ഇതോടൊപ്പം, ഫിറ്റ്‌നസ് ടെസ്റ്റ് നിര്‍ബന്ധമാകുന്ന പ്രായപരിധിയും 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി കുറച്ചു. വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹനം പഴക്കമാകുന്നതനുസരിച്ച് ഉയര്‍ന്ന നിരക്കാണ് ഇനി ബാധകമാകുന്നത്.

20 വര്‍ഷത്തിലധികം പഴക്കമുള്ള ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കാണ് ഏറ്റവും വലിയ വര്‍ധനവ്. ഇതുവരെ 2,500 രൂപയായിരുന്ന ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് ഇനി 25,000 രൂപ ആകും. ഇതേ പ്രായത്തിലുള്ള മിഡിയം കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ 1,800 രൂപയ്ക്ക് പകരം 20,000 രൂപ നല്‍കണം. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 15,000 രൂപയും മൂന്ന് ചക്രവാഹനങ്ങള്‍ക്ക് 7,000 രൂപയും ഈടാക്കും. 20 വര്‍ഷം പഴക്കമുള്ള ടു വീലറുകളുടെ ഫീസ് 600 രൂപയില്‍ നിന്ന് 2,000 രൂപ ആയി ഉയര്‍ന്നു. പുതുക്കിയ റൂള്‍ 81 പ്രകാരം 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫീസ് വര്‍ധിച്ചിട്ടുണ്ട്. മോട്ടോര്‍സൈക്കിളുകള്‍ക്കായി 400 രൂപ, LMV-കള്‍ക്കായി 600 രൂപ, മിഡിയം-ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കായി 1,000 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. റോഡുകളില്‍ നിന്ന് പഴയതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങള്‍ നീക്കം ചെയ്യാനും വാഹന സ്‌ക്രാപ്പേജ് നയത്തെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ഫീസ് വര്‍ധനയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉയര്‍ന്ന നിരക്ക് പഴക്കം ചെന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ചെലവേറിയതാക്കിയതിനാല്‍, അവ മാറ്റി പുതിയ മോഡലുകള്‍ വാങ്ങാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമെന്നും വിലയിരുത്തപ്പെടുന്നു.പുതിയ ഫീസ് രാജ്യത്തുടനീളം ഉടന്‍ പ്രാബല്യത്തില്‍ വന്നു.

Continue Reading

india

ആംബുലന്‍സിന് തീ പിടിച്ചു; പിഞ്ചുകുഞ്ഞും ഡോക്ടറും നേഴ്‌സുമടക്കം 4 മരണം

പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Published

on

ഗുജറാത്തിലെ മൊദാസയില്‍ ചികിത്സയ്ക്കായി യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന് തീപിടിച്ച് നവജാത ശിശുവും ഡോക്ടറും നഴ്‌സും ഉള്‍പ്പെടെ നാല് പേര്‍ ദാരുണമായി മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവം പുലര്‍ച്ചെ 12:45ഓടെ മൊദാസ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയിടത്താണ് നടന്നത്. മഹിസാഗറിലെ ലുനാവാഡയില്‍ നിന്നെത്തിയ കുടുംബം ആദ്യമായി മൊദാസയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍, യാത്രാമധ്യേ ആംബുലന്‍സില്‍ തീപിടിത്തമുണ്ടായി. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും മാറ്റിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് ആരവല്ലി ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹര്‍സിങ് ജഡേജ അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Continue Reading

Trending