india
നഴ്സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി; കാമുകന് പിടിയില്‍
മഹാരാഷ്ട്രയില്‍ നഴ്സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.
മഹാരാഷ്ട്രയില്‍ നഴ്സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഛത്രപതി സംഭാജിനഗറിലെ ആയുഷ്മാന്‍ ആശുപത്രിയിലെ നഴ്സായ മോണിക്ക സുമിത് നിര്‍മലിന്റെ (30) മൃതദേഹമാണ് വെള്ളിയാഴ്ച ലാസൂരിനടുത്തുള്ള ഫാമില്‍ നിന്ന് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകന് ശൈഖ് ഇര്ഫാന് ശൈഖ് പാഷയെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ഔഹംഗാബാദ് ഡിവിഷനിലെ ജല്‍നയിലെ മോണിക്കയെ ഫെബ്രുവരി ആറുമുതല്‍ കാണാതായിരുന്നു. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് യുവതി അമ്മയോടൊപ്പമാണ് താമസിക്കുന്നത്. ഫെബ്രുവരി ആറിന് ജോലിക്ക് പോയ മകളെ തിരിച്ചു കാണാത്തതിനെ തുടര്‍ന്ന് അമ്മ കാഡിം ജല്‍ന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാമുകന് പിടിയിലാവുകയായിരുന്നു. ആദ്യം കസ്റ്റഡിയിലെടുത്ത് വിട്ടയച്ചുവെങ്കിലും ഇയാളുടെ കോള്‍ റെക്കോര്‍ഡുകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്ന് യുവതിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഫെബ്രുവരി ആറിന് ലാസൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അവസാനമായി യുവതിയെ പ്രതി കണ്ടതെന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ലാസൂരിനടുത്തുള്ള ഫാമിലെ ഉപേക്ഷിക്കപ്പെട്ട വീട്ടില്‍ യുവതി തൂങ്ങിമരിച്ചതായി കാമുകന് പൊലീസിനെ അറിയിച്ചു. വെള്ളിയാഴ്ച ഛത്രപതി സംഭാജിനഗര്‍ റൂറല്‍ പൊലീസിന്റെയും ഷിലേഗാവ് പൊലീസിന്റെയും സഹായത്തോടെ ഒരു സംഘം ഗംഗാപൂര്‍ തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ മോണിക്കയുടെ മൃതദേഹം കണ്ടെടുത്തു.
ഫോറന്‍സിക് സംഘം സംഭവസ്ഥലത്തെത്തി പോസ്റ്റ്മോര്‍ട്ടം നടത്തി. യുവതിയുടെ വസ്ത്രങ്ങളുടെ കത്തിയ കഷ്ണങ്ങളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.
india
പോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി
ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി. ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്. കേസില്‍ യെദ്യൂരപ്പയെ കൂടാതെ അരുണ്‍ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികള്‍.
ബംഗളൂരു സദാശിവനഗര്‍ പൊലീസാണ് അതിജീവിതയുടെ അമ്മ നല്കിയ പരാതിയില്‍ യെദ്യൂരപ്പയുടെ പേരില്‍ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സര്‍ക്കാര്‍ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
കേസില്‍ യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയില്‍ അത്യാവശ്യമല്ലെങ്കില്‍ നേരിട്ട് ഹാജരാകാന്‍ യെദ്യൂരപ്പയെ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.
india
പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിനുള്ള ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. നിലവിലെ നിരക്കിനെക്കാള്‍ 10 ഇരട്ടി വരെ കൂടുതല്‍ ഫീസാണ് പുതിയ നിയമപ്രകാരം ഈടാക്കുക. ഇതോടൊപ്പം, ഫിറ്റ്നസ് ടെസ്റ്റ് നിര്‍ബന്ധമാകുന്ന പ്രായപരിധിയും 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി കുറച്ചു. വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹനം പഴക്കമാകുന്നതനുസരിച്ച് ഉയര്‍ന്ന നിരക്കാണ് ഇനി ബാധകമാകുന്നത്.
20 വര്‍ഷത്തിലധികം പഴക്കമുള്ള ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കാണ് ഏറ്റവും വലിയ വര്‍ധനവ്. ഇതുവരെ 2,500 രൂപയായിരുന്ന ഫിറ്റ്നസ് ടെസ്റ്റ് ഫീസ് ഇനി 25,000 രൂപ ആകും. ഇതേ പ്രായത്തിലുള്ള മിഡിയം കൊമേഴ്സ്യല്‍ വാഹനങ്ങള്‍ 1,800 രൂപയ്ക്ക് പകരം 20,000 രൂപ നല്‍കണം. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 15,000 രൂപയും മൂന്ന് ചക്രവാഹനങ്ങള്‍ക്ക് 7,000 രൂപയും ഈടാക്കും. 20 വര്‍ഷം പഴക്കമുള്ള ടു വീലറുകളുടെ ഫീസ് 600 രൂപയില്‍ നിന്ന് 2,000 രൂപ ആയി ഉയര്‍ന്നു. പുതുക്കിയ റൂള്‍ 81 പ്രകാരം 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫീസ് വര്‍ധിച്ചിട്ടുണ്ട്. മോട്ടോര്‍സൈക്കിളുകള്‍ക്കായി 400 രൂപ, LMV-കള്‍ക്കായി 600 രൂപ, മിഡിയം-ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കായി 1,000 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. റോഡുകളില്‍ നിന്ന് പഴയതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങള്‍ നീക്കം ചെയ്യാനും വാഹന സ്ക്രാപ്പേജ് നയത്തെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ഫീസ് വര്‍ധനയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉയര്‍ന്ന നിരക്ക് പഴക്കം ചെന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ചെലവേറിയതാക്കിയതിനാല്‍, അവ മാറ്റി പുതിയ മോഡലുകള്‍ വാങ്ങാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമെന്നും വിലയിരുത്തപ്പെടുന്നു.പുതിയ ഫീസ് രാജ്യത്തുടനീളം ഉടന്‍ പ്രാബല്യത്തില്‍ വന്നു.
india
ആംബുലന്‍സിന് തീ പിടിച്ചു; പിഞ്ചുകുഞ്ഞും ഡോക്ടറും നേഴ്സുമടക്കം 4 മരണം
പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗുജറാത്തിലെ മൊദാസയില്‍ ചികിത്സയ്ക്കായി യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന് തീപിടിച്ച് നവജാത ശിശുവും ഡോക്ടറും നഴ്സും ഉള്‍പ്പെടെ നാല് പേര് ദാരുണമായി മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവം പുലര്‍ച്ചെ 12:45ഓടെ മൊദാസ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയിടത്താണ് നടന്നത്. മഹിസാഗറിലെ ലുനാവാഡയില്‍ നിന്നെത്തിയ കുടുംബം ആദ്യമായി മൊദാസയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍, യാത്രാമധ്യേ ആംബുലന്‍സില്‍ തീപിടിത്തമുണ്ടായി. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും മാറ്റിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് ആരവല്ലി ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹര്‍സിങ് ജഡേജ അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
Video Stories2 days agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

