വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ട കമ്മീഷനിങ്ങിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് എത്തിയത്. എട്ട് മണിയോടെയോടെ പ്രധാനമന്ത്രി റോഡ് മാര്‍ഗമാണ് രാജ്ഭവനിലേക്ക് പോയത്. കനത്തസുരക്ഷയാണ് പ്രധാനമന്ത്രിയുടെ വരവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഉച്ചമുതല്‍ തലസ്ഥാനത്ത് കനത്ത് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെമുതല്‍ വിഴിഞ്ഞതും പരിസരപ്രദേശത്തുമായി സുരക്ഷയുടെ ഭാഗമായി പൊലീസ് വിന്യാസം ഉണ്ട്. നഗരത്തില്‍ ഉള്‍പ്പെടെ ആയിരത്തോളം പൊലീസുകാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.
നാളെ രാവിലെ പത്തേകാലോടെ പാങ്ങോട് സൈനിക കേന്ദ്രത്തില്‍ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗമായിരിക്കും പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് പോകുക. 10.30 ന് വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും. തുടര്‍ന്ന് തുറമുഖം സന്ദര്‍ശിച്ചശേഷമായിരിക്കും പൊതുസമ്മേളനത്തില്‍ പങ്കെടുക്കുക. 12.30ഓടെ തിരുവനന്തപുരത്ത് നിന്ന് അദ്ദേഹം യാത്ര തിരിക്കും. 10,000 ഓളം പേരെയാണ് ഉദ്ഘാടന ചടങ്ങിന് പ്രതീക്ഷിക്കുന്നത്. പൊതുജനത്തിന് ചടങ്ങ് വീക്ഷിക്കാന്‍ വലിയ എല്‍ഇഡി സ്‌ക്രീനുകളും ഒരുക്കിയിട്ടുണ്ട്.