columns
സംഘ്പരിവാര്‍ ലക്ഷ്യം വെക്കുന്നത്- റസാഖ് ആദൃശ്ശേരി
മതപരമായ ഐഡന്റിറ്റികളുടെമേല് അവരെ എരിവില്‍ നിര്‍ത്തിയാല്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ലാഭവിഹിതം വളരെ കൂടുതലായിരിക്കും. കൂടാതെ ഭരണകൂട അനാസ്ഥ കാരണം ഇന്ത്യന്‍ യുവത നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മ പ്രശ്നത്തില്‍ നിന്നും അവരുടെ ശ്രദ്ധ തിരിച്ചുവിടാനും സാധിക്കും. ചുരുക്കത്തില്‍, ബി.ജെ.പിക്ക് ഇത്തരം വിവാദങ്ങള്‍ കൊണ്ട് ദീര്‍ഘകാലം നേട്ടമുണ്ടാക്കാന്‍ സാധിക്കും. അത് തിരിച്ചറിയാന്‍ ഇന്ത്യന്‍ ജനത കാണിക്കുന്ന ജാഗ്രതയെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ ഭാവി.
റസാഖ് ആദൃശ്ശേരി
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 25 പ്രകാരം, ഓരോരുത്തര്‍ക്കും താന്‍ ഇഷ്ടപ്പെടുന്ന മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും ആ വിശ്വാസം പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശമുണ്ട്. എന്നാല്‍ മതപ്രചാരണം നിയന്ത്രിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുകയും സര്‍ക്കാര്‍ പ്രതിനിധികളും സംഘ്പരിവാറും വീടുകളില്‍ കയറി ഇറങ്ങി മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപക ദുഷ്പ്രചരണങ്ങള്‍ നടത്തുകയും ചെയ്തതിന്റെ ഫലങ്ങള്‍ ഇപ്പോള്‍ അവിടെ ദൃശ്യമായി തുടങ്ങിയിരിക്കുന്നു. ഉന്നത കലാലയങ്ങളില്‍പോലും മുസ്ലിം വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിച്ച് ക്ലാസില്‍ ഹാജരാകാന്‍ കഴിയാത്തത്ര അധ്യാപകരുടെ മനസുകളില്‍ പോലും വര്‍ഗീയ വിഷം കയറിയിരിക്കുന്നു. കര്‍ണ്ണാടകയിലെ മാണ്ഡ്യയിലെ കോളജില്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടിക്ക് നേരെ കാവിഷാള്‍ ധരിച്ച യുവാക്കള്‍ ‘ജയ് ശ്രീറാം’ വിളിച്ചു ഓടിയടുക്കുന്നു. ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ കോളജില്‍ നിന്നും പുറത്താക്കുന്നു. ഇത് സംസ്ഥാനത്തിന്റെ മറ്റ് കോളജുകളിലേക്കും വ്യാപിക്കുന്നു. ഗവണ്മെന്റ് കോളജിന്റെ നടപടി ശരിവെക്കുന്നു. മൗലികാവകാശം നിലനിറുത്തുന്നതിനായി പെണ്‍കുട്ടികള്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നു.
മത ധ്രുവീകരണം ഇങ്ങനെയാണ്. ഭിന്നിപ്പും സാമുദായിക കലഹവും പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള സുസ്ഥിര പ്രചരണത്തിന്റെ കയ്പേറിയ വിളവാണിത്. മതേതര ഇന്ത്യയില്‍, മതേതര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചുറ്റുപാടില്‍, രാജ്യത്തെ ശിഥിലമാക്കാന്‍ ഇറങ്ങിതിരിച്ച ശക്തികളുടെ ദീര്‍ഘകാലത്തെ പരിശ്രമം യുവാക്കള്‍ക്കിടയില്‍ അതിശക്തമായി വേരോടിയിരിക്കുന്നു എന്നതിന്റെ പ്രകടമായ ഉദാഹരണം. അല്ലെങ്കില്‍ എങ്ങനെയാണ് തങ്ങളുടെ കോളജിലെ സഹപാഠികള്‍ക്ക് നേരെ ആക്രോശിക്കാന്‍ കഴിയുക? എന്തുകൊണ്ടാണ് യുവാക്കള്‍ അവരുടെ മതത്തിന്റെ യുദ്ധമുറകള്‍ മുഴക്കാന്‍ നിര്‍ബന്ധിതരായത്? മതേതര ചിന്തകള്‍ കൈവെടിഞ്ഞുകൊണ്ട് മറ്റുള്ളവരെ ഭീഷണിപ്പെടുത്താനും അടിച്ചമര്‍ത്താനും അല്ലെങ്കില്‍ പോരാടാനും അവര്‍ക്ക് എങ്ങനെയാണ് സാധ്യമാകുന്നത്?
അത്തരം ധ്രുവീകരണത്തില്‍നിന്നും ആര്‍ക്കാണ് ലാഭം എന്നതാണ് ചോദ്യം. രാജ്യത്തെ യുവാക്കള്‍ മത്സരാധിഷ്ഠിത വര്ഗീയതക്ക്വേണ്ടി തങ്ങളുടെ ഊര്‍ജ്ജം വിനിയോഗിക്കുമ്പോള്‍ ആര്‍ക്കാണ് നേട്ടം? തങ്ങളുടെ വിദ്യാഭ്യാസത്തിലും ഭാവി കെട്ടിപ്പടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, മതത്തിന്റെ യഥാര്‍ഥ ലക്ഷ്യങ്ങള്‍ മനസിലാക്കാതെ, അതിനുസരിച്ച് ജീവിതം നയിക്കാതെ, യുവാക്കളും യുവതികളും മതത്തിന്റെയും മതചിഹ്നങ്ങളുടെയും ലഹരിയുടെ തിരക്കിലായിരിക്കുമ്പോള്‍ അത് ആരുടെ ലക്ഷ്യമാണ് നിറവേറ്റുന്നത്? ഹിജാബ് അല്ലെങ്കില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ഉഡുപ്പിയിലെ കോളജില്‍ ആറ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചത് കഴിഞ്ഞ മാസമാണ്. നിരവധി മുസ്ലിം സ്ത്രീകളും പെണ്‍കുട്ടികളും ധരിക്കുന്ന വസ്ത്രം ഡ്രസ്കോഡിന് വിരുദ്ധമാണെന്നാണ് കോളജ് അധികൃതരുടെ ഭാഷ്യം. പെണ്‍കുട്ടികള്‍ നിലപാടില്‍ ഉറച്ചുനിന്നപ്പോള്‍ സംസ്ഥാനത്തെ മറ്റ് നിരവധി കോളജുകളും ഇതേ വിധിയുമായി രംഗത്തെത്തുകയുണ്ടായി. കര്‍ണാടകയിലെ വലതുപക്ഷ ബി.ജെ.പി സര്‍ക്കാര്‍ കോളജുകളുടെ നിലപാടിനെ പിന്തുണച്ചു. അതിനുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കാനുള്ള മുസ്ലിം പെണ്‍കുട്ടികളുടെ അവകാശത്തിനെതിരെ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധങ്ങള്‍ നടന്നു. തങ്ങളുടെ സ്വന്തം ഹിന്ദുമത സ്വത്വത്തിന്റെ അടയാളമായ കാവിസ് കാര്ഫില് അണിഞ്ഞൊരുങ്ങിയ ഹിജാബ് വിരുദ്ധ പ്രകടനക്കാരെ തെരുവും കോളജ് ക്യാമ്പസുകളും കണ്ടു. അവരുടെ കാവിവത്കരിക്കപ്പെട്ട മസ്തിഷ്കം ഇപ്പോള്‍ ഒരു ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. മുസ്ലിം പെണ്‍കുട്ടികള്‍ അവരുടെ മതത്തെ മാനിച്ച് തല മറച്ചാല്‍ വിദ്യാഭ്യാസം നേടുന്നതില്‍നിന്നും അവരെ തടയുകയെന്ന കാര്യത്തില്‍. എന്നാല്‍ ഉഡുപ്പിയിലെ കോളജിലെ പെണ്‍കുട്ടികള്‍ക്ക് ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ചുള്ള ഹര്‍ജികള്‍ പരിഗണിക്കുന്ന കര്‍ണ്ണാടക ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദം, ഹിജാബ് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലാത്തതിനാല്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഇത് അനുവദിക്കാനാവില്ലെന്നാണ്. അസംബന്ധമാണ് ഈ വാദം. ഒന്നാമതായി, ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ സ്ത്രീയുടെ വസ്ത്രധാരണം അവളുടെ സ്വന്തം കാര്യമാണ്. അവള്‍ക്ക് തല മറക്കണോ അതോ കാലുകള്‍ നഗ്നമാക്കണമോ എന്നതെല്ലാം അവളുടെ ഇഷ്ടമാണ്. ഭക്ഷണത്തിലും വസ്ത്രത്തിലുമെല്ലാം ഇടപെടാന്‍ ഭരണകൂടത്തിനെന്ത് അവകാശം? രണ്ടാമതായി, ഹിജാബ് മുസ്ലിം സ്ത്രീകളുടെ മതാനുഷ്ഠാനത്തിന്റെ അവിഭാജ്യ ഘടകമാണോ അല്ലയോ എന്നു നിര്‍ണ്ണയിക്കുന്നത് ഭരണകൂടമല്ല. അത് ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ്. മുസ്ലിം നാമധാരികളായ ഏതെങ്കിലും സ്ത്രീകള്‍ അനിസ്ലാമിക വേഷങ്ങള്‍ ധരിക്കുന്നുണ്ടെങ്കില്‍ അത് ഉയര്‍ത്തികാട്ടി ഹിജാബ് നിര്ബന്ധമല്ലയെന്നു വാദിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. മൂന്നാമതായി, ഒരു മതേതര രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ മതങ്ങളും മതചിഹനങ്ങളും പ്രകടിപ്പിക്കുന്നത് ശീലമാക്കിയ രാജ്യമാണ് നമ്മുടെത്. പ്രധാനമന്ത്രി അമിതമായി ഹൈന്ദവ ആചാരങ്ങളില്‍ പങ്കാളിത്തം വഹിക്കുന്നു. അദ്ദേഹത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന കാവി നിറത്തിലുള്ള അനവധി കര്‍മ്മങ്ങള്‍ക്ക് ഇന്ത്യ സാക്ഷിയായിട്ടുണ്ട്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്യാസി വേഷം ധരിച്ചു നടക്കുന്നു. പാര്‍ലമെന്റില്‍ പോലും ചില എം.പിമാര്‍ കാഷായ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടുവരുന്നു.
വസ്ത്രത്തിന്നു മതപരമായ ബന്ധമുണ്ടായിട്ടും മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കില്ലെന്നു പറയുന്നത് കടുത്ത വിവേചനമാണ്. സിഖുകാര്‍ക്ക് അവരുടെ മത വിശ്വാസത്തിന്റെ ഭാഗമായി തലപ്പാവ് ധരിക്കാം, മൂര്‍ച്ചയുള്ള ആയുധമായ കൃപാണം എപ്പോഴും കൊണ്ടു നടക്കാം. വിവാഹിതയായ ഹിന്ദു സ്ത്രീക്ക് കോളജ് ക്ലാസ്മുറിയില്‍ മംഗള സൂത്രം കളിക്കാം. ഇതിനെതിരെയൊന്നും ഒരിക്കലും ഒരു മുറവിളിയും ഉണ്ടായിട്ടില്ല. യഥാര്‍ഥത്തില്‍, ന്യൂനപക്ഷ സമുദായത്തിന്റെ മതപരവും സാംസ്കാരികവുമായ വ്യക്തിത്വം തുടര്‍ച്ചയായ ആക്രമണത്തിനു വിധേയമായികൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ പശ്ചാത്തലത്തില്‍ വേണം ഈ ഹിജാബ് വിവാദത്തെയും കാണേണ്ടത്. ഗോമാംസം കൈവശം വെച്ചുവെന്നു ആരോപിച്ചു മുസ്ലിംകളെ തല്ലി കൊന്നത് മുതല്‍ സാങ്കല്‍പ്പിക ‘ലൗ ജിഹാദിന്റെ’ പേരില്‍ അതിക്രൂരമായ വേട്ടയാടലുകള്‍, ഗുഡ്ഗാവിലെ ഒന്നിലധികം നമസ്കാര സ്ഥലങ്ങള്‍ കയ്യേറിയത്, മുസ്ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ അപമാനിക്കാന്‍ ശ്രമിച്ച നിന്ദ്യമായ സുള്ളി ഡീല്‍ ബുള്ളി ബായ് ആപ്പുകള്‍; ലതാ മങ്കേഷ്ക്കറിന്റെ മൃതദേഹത്തിനു മുമ്പില്‍ നടന് ഷാരൂഖ് ഖാന് നടത്തിയ പ്രാര്‍ത്ഥനയും അദ്ദേഹം ലതയുടെ മേല്‍ തുപ്പിയെന്ന പരിഹാസ്യമായ ആരോപണവും. ഇങ്ങനെയെത്രയെത്ര സംഭവങ്ങള്‍!
ഒരു സമൂഹത്തെ അപരവല്‍ക്കരിക്കാനും പൈശാചികവത്കരിക്കാനുമുള്ള നിരന്തരമായ ശ്രമങ്ങള്‍ ദിനേന അരങ്ങേറികൊണ്ടിരിക്കുന്നു. അക്കൂട്ടത്തില്‍ മുസ്ലിംകളുടെ ദിശയിലേക്ക് ഒഴുകികൊണ്ടിരിക്കുന്ന പിത്തരസത്തിന്റെ ഒരു ഉദാഹരണം കൂടിയാണ് ഹിജാബ് വിവാദം. മുസ്ലിംകളെ അന്യവത്കരിക്കുകയെന്നത് തീര്‍ച്ചയായും ബി.ജെ.പിയുടെ ഹിന്ദു ദേശീയവാദ അജണ്ടയുടെ ആണിക്കല്ലാണ്. ഇത്തരത്തിലുള്ള വിവാദങ്ങള്‍ ഉയര്‍ത്തി ഭിന്നത വര്‍ധിക്കും തോറും ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള ശത്രുത കൂടുതല്‍ തീവ്രമാകും. ഭരണം നേടിയെടുക്കാന്‍ എവിടെയും ബി.ജെ.പി ഉയര്‍ത്തിപ്പിടിക്കുന്നത് വര്‍ഗീയതയാണ്. പൊതു ശത്രുവിനെ സൃഷ്ടിച്ചുകൊണ്ട്, അതിനെതിരെ പോരാടാന്‍ യുവാക്കളെ സജ്ജമാക്കുകയാണ് ബി.ജെ.പി. അത് കോളജ് ക്യാമ്പസില്‍ നിന്നായാല്‍ അതിന്റെ നേട്ടം വലുതായിരിക്കും. അതാണ് കര്‍ണ്ണാടകയില്‍ കണ്ടു കൊണ്ടിരിക്കുന്നത്. യുവാക്കളുടെ കാര്യത്തില്‍ നേട്ടങ്ങള്‍ കൂടുതല്‍ സുസ്ഥിരവും ദീര്‍ഘകാലം നിലനില്ക്കുന്നതുമാണ്. മതപരമായ ഐഡന്റിറ്റികളുടെമേല് അവരെ എരിവില്‍ നിര്‍ത്തിയാല്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ലാഭവിഹിതം വളരെ കൂടുതലായിരിക്കും. കൂടാതെ ഭരണകൂട അനാസ്ഥ കാരണം ഇന്ത്യന്‍ യുവത നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മ പ്രശ്നത്തില്‍ നിന്നും അവരുടെ ശ്രദ്ധ തിരിച്ചുവിടാനും സാധിക്കും. ചുരുക്കത്തില്‍, ബി.ജെ.പിക്ക് ഇത്തരം വിവാദങ്ങള്‍ കൊണ്ട് ദീര്‍ഘകാലം നേട്ടമുണ്ടാക്കാന്‍ സാധിക്കും. അത് തിരിച്ചറിയാന്‍ ഇന്ത്യന്‍ ജനത കാണിക്കുന്ന ജാഗ്രതയെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ ഭാവി.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala18 hours agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

