X
    Categories: CultureMoreViews

കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത മോദിക്ക് പുതിയ വെല്ലുവിളി; വ്യത്യസ്തമായ ചലഞ്ചുമായി തേജസ്വി യാദവ്

പാറ്റ്‌ന: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ പുതിയ ചലഞ്ചുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. നിങ്ങള്‍ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്തത് കൊണ്ട് ഞങ്ങള്‍ക്ക് ഒരു നേട്ടവുമില്ല. യുവാക്കള്‍ക്ക് ജോലി കൊടുക്കുമെന്ന ചലഞ്ച് ഏറ്റെടുക്കാന്‍ താങ്കള്‍ തയ്യാറുണ്ടോ? കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയുമോ? ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമോ? തന്റെ ചലഞ്ച് ഏറ്റെടുക്കാന്‍ മോദിയെ വെല്ലുവിളിച്ചുകൊണ്ടാണ് തേജസ്വി യാദവിന്റെ ട്വീറ്റ്.

‘ഹം ഫിറ്റ് തോ ഇന്ത്യാ ഫിറ്റ്’ എന്ന ക്യാമ്പയിന്റെ ഭാഗമായി കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോര്‍ ആണ് ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കമിട്ടത്. താന്‍ വ്യായാമം ചെയ്യുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത അദ്ദേഹം ഇത്തരത്തില്‍ വീഡിയോ പോസ്റ്റ് ചെയ്യാന്‍ വിരാട് കോഹ്‌ലി, സൈന നെഹ്‌വാള്‍, ഋതിക് റോഷന്‍ എന്നിവരെ ചലഞ്ച് ചെയ്യുകയായിരുന്നു. ഇത് സ്വീകരിച്ച് വീഡിയോ പോസ്റ്റ് ചെയ്ത കോഹ്‌ലി പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് താരം എം.എസ്. ധോണി, അനുഷ്‌ക ശര്‍മ എന്നിവരെ ചലഞ്ച് ചെയ്തിരുന്നു.

ഇതിന് മറുപടിയായാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. കോഹ്‌ലിയുടെ ചലഞ്ച് സ്വീകരിക്കുന്നുവെന്നും തന്റെ വീഡിയോ ഉടന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുമെന്നും മോദി ട്വീറ്റ് ചെയ്തു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: