Connect with us

More

അവര്‍ കൊന്നത് ഒരാളെയല്ല, ഞങ്ങള്‍ ഒമ്പതു പേരെ; ഗോരക്ഷാ സംഘം കൊലപ്പെടുത്തിയ റക്ബര്‍ ഖാന്റെ വിധവ പറയുന്നു

Published

on

cowരാജസ്ഥാന്‍: തരക്കേടില്ലാത്ത വിള ലഭിക്കുമെന്ന പ്രതീക്ഷയില്‍ രാജസ്ഥാന്‍ മേവാത്തിലെ കര്‍ഷകരെല്ലാം ഇത്തവണ വലിയ സന്തോഷത്തിലാണ്. എന്നാല്‍ മേവാത്തിലെ രാംഗഡിലുള്ള റക്ബര്‍ ഖാന്റെ കുടുംബത്തിനു മാത്രം സങ്കടങ്ങളുടെ കാലവര്‍ഷമാണ് പെയ്തു തീര്‍ന്നത്. സ്വയം പ്രഖ്യാപിത ഗോ രക്ഷാ സംഘങ്ങള്‍ രാജ്യമെങ്ങും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആള്‍കൂട്ട കൊലപാതകങ്ങളില്‍ സ്വന്തം ഗൃഹനാഥനെ നഷ്ടമായതിന്റെ വേദനയില്‍നിന്ന് അവര്‍ ഇനിയും മുക്തമായിട്ടില്ല.
ഒമ്പതു പേരടങ്ങുന്ന കുടംബത്തിന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത് 60 ദിവസം മുമ്പാണ്. രണ്ട് പശുക്കളേയും അവയുടെ കുട്ടികളേയും കൊണ്ട് വീട്ടിലേക്ക് വരും വഴിയാണ് ആള്‍വാര്‍ ജില്ലയിലെ ലലാവണ്ടിയില്‍ റക്ബര്‍ ഖാനെയും കൂടെയുണ്ടായിരുന്നയാളേയും ഗോ രക്ഷാ സംഘം ആക്രമിച്ചത്. ക്രൂരമായി മര്‍ദ്ദനമേറ്റ റക്ബര്‍ ഖാന്‍ കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്നയാള്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഭര്‍ത്താവിനെക്കുറിച്ചു പറയുമ്പോള്‍ 30കാരി അസ്മീനയുടെ തൊണ്ടയിടറുന്നു. അവര്‍ കൊന്നത് എന്റെ ഭര്‍ത്താവിനെ മാത്രമല്ല, ഞങ്ങള്‍ ഒമ്പതു പേരെയുമാണ്. മക്കളുടെ മുഖത്തു നോക്കി അസ്മീന ഇത് പറയുമ്പോള്‍ കേട്ടിരിക്കുന്ന ആര്‍ക്കും ഉത്തരം മുട്ടിപ്പോകും. ഭാര്യയും ഏഴ് മക്കളും പിതാവും അടങ്ങുന്ന കുടംബത്തിന്റെ ഏക ആശ്രയമായിരുന്നു റക്ബര്‍ ഖാന്‍. മൂത്ത മകള്‍ക്ക് 12 വയസ്സുണ്ട്. ഇളയത് ഒരു വയസ്സ് മാത്രമുള്ള കൈക്കുഞ്ഞാണ്.

ഭര്‍ത്താവിന്റെ മരണത്തെതുടര്‍ന്നുള്ള ഇദ്ദ അനുഷ്ഠാനത്തിലാണിപ്പോള്‍ അസ്മീന. ഇദ്ദ കഴിയട്ടെ, കുട്ടികളുടെ കൈയും പിടിച്ച് ഞാന്‍ ആള്‍വാര്‍ മജിസ്‌ട്രേറ്റിന്റെ വീട്ടു പടിക്കല്‍ ചെന്നു കിടക്കും. എന്റെ ഭര്‍ത്താവിനെ കൊന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണം. എന്റെ കുടുംബത്തിന് നീതി കിട്ടണം- അവളുടെ വാക്കുകളില്‍ അമര്‍ഷത്തിന്റെ തീപ്പൊരി ചിതറുന്നുണ്ട്.
നാലു കുട്ടികള്‍ അലീഗഡിലെ മദ്രസയില്‍ പഠിക്കുന്നു. പിതാവിന്റെ മരണവും ഉമ്മ ഇദ്ദ അനുഷ്ഠാനത്തിലുമായതോടെ മറ്റു കുട്ടികളെ നോക്കാനായി മൂത്തവള്‍ സാഹില പഠനം നിര്‍ത്തി. വീട്ടിലുള്ള രണ്ടു പശുക്കളേയും നാല് ആടുകളേയും പരിചരിക്കുന്നതും ഇപ്പോള്‍ അവളാണ്. അതു മാത്രമാണ് ഇപ്പോള്‍ കുടുംബത്തിന്റെ വരുമാന മാര്‍ഗം. റക്ബര്‍ ഖാന്റെ പിതാവ് സുലൈമാന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വീടിനു പുറത്തു പോകാറില്ല. മുന്തിയ ഇനം പശുക്കളെ കൊണ്ടു വന്ന് വളര്‍ത്തുന്നതില്‍ പ്രദേശത്തു തന്നെ മാതൃകയായ ക്ഷീര കര്‍ഷകനായിരുന്നു തന്റെ മകനെന്ന് സുലൈമാന്‍ പറയുന്നു. എന്നിട്ടും എന്തിനാണവരെന്റെ മകനെ ഇല്ലാതാക്കിയതെന്നറിയില്ലെന്ന് പറയുമ്പോള്‍ ആ വൃദ്ധന്റെ കണ്ണുകള്‍ നിറയുന്നു. പണി തീരാത്ത വീട്ടില്‍ ചാക്കു കൊണ്ട് വലിച്ചു കെട്ടിയ ഇത്തിരി സ്ഥലത്താണ് ഒമ്പതംഗ കുടുംബത്തിന്റെ ജീവിതം.

കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ മാത്രമാണ് ഇതുവരെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റു ചെയ്തിട്ടുള്ളത്. മുഖ്യ പ്രതികള്‍ ഉള്‍പ്പെടെ ഇപ്പോഴും വലയ്ക്കു പുറത്താണ്. ആദ്യ ദിവസങ്ങളിലെ പ്രതിഷേധങ്ങളും ബഹളങ്ങളും കെട്ടടങ്ങിയതോടെ പൊലീസ് അന്വേഷണവും നിലച്ച മട്ടാണ്.
രാജ്യത്ത് പശുവിന്റെ പേരിലുള്ള ആള്‍കൂട്ട കൊലപാതകങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്ന പ്രദേശം കൂടിയാണ് രാജസ്ഥാനിലെ ആള്‍വാര്‍. പെഹ്‌ലു ഖാന്‍, ഉമര്‍ മുഹമ്മദ് തുടങ്ങി എല്ലാവരുടേയും കുടുംബങ്ങള്‍ക്ക് പറയാനുള്ളത് സമാനമായ കണ്ണീര്‍ കഥകള്‍ മാത്രമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് സിസ്റ്റർമാരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവം അപലപനീയമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബജ്‌റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുർഗ് പോലീസ് ജൂലൈ 25, 2025-ന് സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്ത് റിമാന്റിലാണ് എന്നാണ് റിപ്പോർട്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരമായ അതിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും മതേതര സമൂഹം ഒറ്റക്കെട്ടായി നിന്ന് ഇതിനെ ചെറുത്ത് തോൽപിക്കണമെന്നും തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.

Continue Reading

kerala

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ഗോവിന്ദ ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താറിന്റെ പ്രതികരണം

Published

on

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മാധ്യമങ്ങളോട് സംസാരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താറിന് എതിരെയാണ് നടപടി.

ഗോവിന്ദ ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താറിന്റെ പ്രതികരണം. മാധ്യമ പ്രതികരണങ്ങളിലൂടെ വകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയെന്ന് കാണിച്ചാണ് നടപടി. സൗത്ത് സോണ്‍ ജയില്‍ ഡിഐജിയുടേതാണ് ഉത്തരവ്.

Continue Reading

kerala

ട്രെയിൻ ഇറങ്ങി പാളം മുറിച്ചുകടക്കവേ മറ്റൊരു ട്രെയിനിടിച്ചു; കടലുണ്ടിയിൽ ബി.ടെക് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടിയാണ് മരിച്ചത്

Published

on

കോഴിക്കോട് കടലുണ്ടിയിൽ ട്രെയിൻ തട്ടി ബി.ടെക് വിദ്യാർഥിനി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് ആനയറങ്ങാടി ഒഴുകിൽ തട്ടയൂർമന രാജേഷ് നമ്പൂതിരി മകൾ ഒ.ടി സൂര്യയാണ് (20) മരിച്ചത്. കൂറ്റനാട് വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്നോളജി കോളേജ് വിദ്യാർഥിനിയാണ്.

ശനിയാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം. കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടിയാണ് മരിച്ചത്. കോയമ്പത്തൂർ ഫാസ്‌റ്റ് പാസഞ്ചർ വണ്ടിയിൽ വന്നിറങ്ങിയ സൂര്യ കടലുണ്ടി സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൻ്റെ ഭാഗത്തേക്ക് നടക്കുന്നതിനിടെ കോഴിക്കോട് ഭാഗത്തുനിന്ന് എത്തിയ ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു.

ട്രെയിനിന്റെ ഹോൺ കേട്ട് പരിഭ്രാന്തയായി പാളം മാറിക്കയറിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്റ്റോപ്പില്ലാത്തതിനാൽ വേഗത്തിലെത്തിയ ട്രെയിൻ ഇടിച്ച് തെറിപ്പിച്ച് കടന്നുപോകുകയായിരുന്നു.

എയ്‌ഡ്‌ പോസ്റ്റ് പൊലീസും റെയിൽവേ അധികൃതരും നാട്ടുകാരും ചേർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചു. പിതാവ്: ആനയറങ്ങാടി തട്ടയൂർ മന രാജേഷ് നമ്പൂതിരി. അമ്മ: പ്രതിഭ (മണ്ണൂർ സി.എം.എച്ച്.എസ് ഹയർ സെക്കൻഡറി വിഭാഗം കംപ്യൂട്ടർ സയൻസ് അധ്യാപിക), സഹോദരൻ: ആദിത്യൻ (രാമനാട്ടുകര സേവാമന്ദിരം പി.ബി.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥി).

Continue Reading

Trending