തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ രണ്ട് യുവാക്കളെ വെട്ടിക്കൊന്നു. സംഭവത്തില്‍ മൂന്ന് പേരെ പിടികൂടിയിട്ടുണ്ട്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം. അക്രമികള്‍ എത്തിയ ബൈക്ക് പിടിച്ചെടുത്തു. അക്രമികളെത്തിയ ബൈക്കിന്റെ ഉടമ നജീബും കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.

മുമ്പും വധശ്രമക്കേസില്‍ പ്രതികളായിരുന്നവരാണ് ഈ കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും റൂറല്‍ എസ്പി വ്യക്തമാക്കി.

ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ചും ഹക് മുഹമ്മദ് ആശുപത്രിയിലും മരിച്ചു.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് പ്രദേശികമായുണ്ടായ കോണ്‍ഗ്രസ്-സിപിഎം തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. തെരഞ്ഞെടുപ്പിന് ശേഷം പിന്നീട് നിരവധിത്തവണ ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ആറു പേരടങ്ങിയ സംഘമാണ് കൊല നടത്തിയതെന്ന് ദൃക്‌സാക്ഷി മൊഴികളുണ്ട്.