നസീര്‍ മണ്ണഞ്ചേരി

ആലപ്പുഴ: ‘അഞ്ചിലേറെ തവണ വീടെന്ന ആവശ്യവുമായി ഐസക്ക് സാറിനെ നേരില്‍ കണ്ടതാണ്. ഓരോ തവണയും ഒപ്പമുള്ള പി.എയോട് വീടിന്റെ കാര്യം വേഗം ശരിയാക്കാന്‍ പറയും. അത് വിശ്വസിച്ച് ഞാന്‍ മടങ്ങും. പിന്നീട് പി.എയെ വിളിക്കുമ്പോള്‍ ഓരോ തവണയും പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയാണ്. ഇടക്ക് വെള്ളപ്പൊക്കം പറഞ്ഞായിരുന്നെങ്കില്‍ ഇന്ന് കോവിഡിന്റെ പേര് പറഞ്ഞാണ് ഒഴിവാക്കുന്നത്. ഇനിയെത്രകാലം കാത്തിരിക്കണം.’-ധനമന്ത്രി തോമസ് ഐസക്ക് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വീടെന്ന വാഗ്ദാനം വിശ്വസിച്ച് അഞ്ചുവര്‍ഷമായി കാത്തിരിക്കുന്ന ഒമ്പതാംക്ലാസുകാരന്റെ വാക്കുകളാണിത്.

സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ സ്വര്‍ണമെഡല്‍ വരെ കരസ്ഥമാക്കിയ ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മഹേഷിന് ഇന്നും ആശ്രയം തുമ്പോളിയിലെ വാടക വീട് മാത്രം. ചെറുപ്പത്തിലെ മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ മഹേഷ് വളര്‍ന്നത് മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സംരക്ഷണയിലാണ്. അവര്‍ക്ക് ചികിത്സക്കായി സംസ്ഥാനത്തിന് പുറത്തേക്ക് പോകേണ്ടി വന്നതോടെ മഹേഷിന്റെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായി. അടച്ചുറപ്പുള്ള വീട് ഉള്‍പ്പെടെയുള്ള മന്ത്രിയുടെ വാഗ്ദാനങ്ങള്‍ ജലരേഖയായി മാറിയതോടെ നിത്യ ചിലവിനുളള മാര്‍ഗ്ഗം കണ്ടെത്താന്‍ കൂലിപ്പണിക്ക് പോവുകയാണ് 14കാരന്‍.

മുമ്പ് ലോട്ടറി കച്ചവടത്തിന് പോയിരുന്ന മഹേഷ് ഇന്ന് അന്നം തേടി മൈക്കാട് ജോലിക്കും തോട്ടിപ്പണിക്കും വരെ പോകുന്നു. ഇടക്ക് പണിമുടക്കുന്നതാണെങ്കിലും സ്വന്തമായി ഫോണ്‍ കൈവശമുള്ളതിനാല്‍ ജോലിയുടെ ഇടവേളകളില്‍ ഓണ്‍ലൈന്‍ക്ലാസുകളിലും പങ്കെടുക്കുന്നുണ്ട്. അടുത്ത വര്‍ഷം പത്താംക്ലാസിലാണല്ലോയെന്ന് ചോദിക്കുമ്പോള്‍ അതിന്റെതായ ആശങ്കയും മഹേഷിന്റെ കൊച്ചുമുഖത്തുണ്ട്. മഹേഷിന്റെ ദുരവസ്ഥ അറിഞ്ഞ വിവിധ രംഗങ്ങളിലുള്ളവര്‍ ദത്തെടുക്കല്‍ വാഗ്ദാനം ഉള്‍പ്പെടെയായി സമീപിക്കുന്നുണ്ടെങ്കിലും സ്വന്തം കാലില്‍ അധ്വാനിച്ചു ജീവിക്കാന്‍ തന്നെയാണ് മഹേഷിന്റെ ആഗ്രഹം. മന്ത്രിസഭയുടെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തനിക്ക് നല്‍കിയ വഗ്ദാനം നിറവേറ്റാന്‍ മന്ത്രി ഇനിയെങ്കിലും തയ്യാറാകുമെന്ന ശുഭ പ്രതീക്ഷയില്‍ തന്നെയാണ് മഹേഷ്.