തൃശൂര്‍: സമൂഹത്തില്‍ വായനയുടെ സംസ്‌കാരം വളര്‍ത്താന്‍ വേറിട്ട തീരുമാനത്തില്‍ എത്തിയിരിക്കുകയാണ് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പിയായ ടി.എന്‍ പ്രതാപന്‍. പൊതുചടങ്ങുകളില്‍ പൂച്ചെണ്ടുകള്‍ക്കും ബൊക്കകള്‍ക്കും പകരം ഇനി തനിക്ക് പുസ്തകങ്ങള്‍ തന്നാല്‍ മതിയെന്ന് എം.പി ഫെയ്‌സ്ബുക് കുറിപ്പിലൂടെ അറിയിച്ചു. ഈ പുസ്തകങ്ങള്‍ എല്ലാം തന്റെ ഗ്രാമത്തിലെ വായനശാലയിലേക്ക് സമര്‍പ്പിക്കാനന്‍ തീരുമാനിച്ച കാര്യവും കുറിപ്പില്‍ പറയുന്നുണ്ട്.
ഫെയ്‌സ്ബുക് കുറിപ്പ്:
പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ഞാന്‍ പങ്കെടുക്കുന്ന പൊതുസ്വകാര്യ ചടങ്ങുകളില്‍ നിന്ന് മോമെന്റോകളോ ബൊക്കകളോ ഷാളുകളോ ഒന്നും സ്വീകരിക്കേണ്ട എന്ന് തീരുമാനിച്ചു. പകരം, സ്‌നേഹത്തോടെ എനിക്ക് ഒരു പുസ്തകം തന്നാല്‍ മതി. വളരെ കുറഞ്ഞ സമയം മാത്രം ‘ആയുസ്സുള്ള’ പൂച്ചെണ്ടുകള്‍ക്കും മറ്റുമായി ചിലവാക്കുന്ന പണമുണ്ടെങ്കില്‍ ഏതുകാലത്തും ശാശ്വതമായി നിലനില്‍ക്കുന്ന അറിവിന്റെ ഒരു വസന്തം നമുക്ക് പങ്കുവെക്കാമല്ലോ? അക്ഷരങ്ങളുടെയും അറിവിന്റെയും സംസ്‌കാരത്തിന്റെയും അലങ്കാരങ്ങളോളം വരില്ലല്ലോ മറ്റൊന്നും.
ഈ അഞ്ചു വര്‍ഷക്കാലത്തിനിടക്ക് ഇങ്ങനെ കിട്ടുന്ന പുസ്തകങ്ങളൊക്കെ സമാഹരിച്ച് എന്റെ ജന്മഗ്രാമമായ തളിക്കുളത്ത് നേരത്തേ തന്നെ സ്ഥാപിച്ചിട്ടുള്ള പ്രിയദര്‍ശിനി സ്മാരക സമിതിക്ക് കീഴില്‍ പൊതുസമൂഹത്തിന് ഉപകാരപ്പെടും വിധത്തില്‍ ഒരു വായനശാല ഒരുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വായനയുടെ ഒരു ഉദാത്ത സംസ്‌കാരം നമുക്ക് വളര്‍ത്താം.
Be the first to write a comment.