തൃശൂര്‍: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ മുഴുവന്‍ സംസ്‌കൃതികളെയും തമസ്‌ക്കരിക്കുംന്നതാണെന്ന് ടി.എന്‍ പ്രതാപന്‍ എം.പി അഭിപ്രായപ്പെട്ടു. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയ പഠന റിപ്പോര്‍ട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെയാണ് ദേശീയ വിദ്യാഭ്യാസ നയം കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സാര്‍വ്വത്രികമായ പല സൗജന്യങ്ങളും ഇല്ലാതാക്കുകയും കോര്‍പ്പറേറ്റുകള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ കടന്നുകയറാന്‍ വലിയ അവസരം ഉണ്ടാകുകയും ചെയ്യുന്നതാണ് പുതിയ നയം.സ്വാതന്ത്ര്യ സമരത്തെയും പൂര്‍വികരെയുമെല്ലാം തമസ്‌കരിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന സംഘപരിവാര്‍ ശക്തികളുടെ കാവി വല്‍ക്കരണത്തിന്റെ കൂടി സൂചകങ്ങള്‍ പുതിയ വിദ്യാഭ്യാസ നയത്തില്‍ കാണാന്‍ സാധിക്കും. ഈ നയത്തെ ശക്തമായി എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ കേരളത്തില്‍ നിന്നുള്ള ഏക പാര്‍ലമെന്റ് അംഗംമാണ് ടി എന്‍ പ്രതാപന്‍.
എംഎസ്എഫ് പുറത്തിറക്കിയ പഠനാര്‍ഹമായ റിപ്പോര്‍ട്ടിനെ അദ്ദേഹം അഭിനന്ദിച്ചു. സമൂഹത്തിനും പൊതു നന്മയ്ക്കും വേണ്ടിയുള്ള കാര്യങ്ങളില്‍ ഇടപെടുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എസ്.എ. അല്‍റെസിന്‍ പഠന റിപ്പോര്‍ട്ട് കൈമാറി.
ജില്ലാ ജനറല്‍ സെക്രെട്ടറി ആരിഫ് പാലയൂര്‍, ഭാരവാഹികളായ മുഹമ്മദ് നഈം, ഷഫീക് ആസിം, സി.എ സല്‍മാന്‍, ഫഈസ് മുഹമ്മദ്, മൊയ്തീന്‍ ഷാ, അബ്ദുള്‍ ഹക്ക്, ബിലാല്‍ സലിം, മുഹമ്മദ് സയീദ് എന്നിവര്‍ പങ്കെടുത്തു.