മുംബൈ:മൂന്ന് ദശാബ്ദത്തിന് ശേഷം പാകിസ്താനില്‍ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഐ.സി.സി പ്രഖ്യാപിച്ചതിന് പിറകെ സംശയമുയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. 2025 ല്‍ പാകിസ്താനില്‍ നിശ്ചയിച്ചിരിക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

പാകിസ്താനിലെ സുരക്ഷാ സാഹചര്യങ്ങള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കു. പാകിസ്താനിലെ സുരക്ഷാ സാഹചര്യങ്ങള്‍ മോശമായതിനാല്‍ പല രാജ്യങ്ങളും അങ്ങോട്ട് ടീമുകളെ അയക്കാന്‍ വിസമ്മതം അറിയിച്ച സാഹചര്യമുണ്ടായിരുന്നു. പല ടീമുകള്‍ക്കെതിരെയും ആക്രമണം നടന്ന സാഹചര്യത്തില്‍ താരങ്ങളുടെ സുരക്ഷയാണ് വളരെ പ്രധാനമെന്നും മന്ത്രി പറഞ്ഞു. 1996 ലെ ലോകകപ്പായിരുന്നു പാകിസ്താന്‍ അവസാനമായി ആതിഥേയത്വം വഹിച്ച ഐ.സി.സി ചാമ്പ്യന്‍ഷിപ്പ്. 2008 ലെ ഏഷ്യാ കപ്പിലാണ് അവസാനമായി ഇന്ത്യ പാകിസ്താനില്‍ കളിച്ചത്. 2005-06 സീസണില്‍ രാഹുല്‍ ദ്രാവിഡ് നയിച്ച ഇന്ത്യ പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നു. മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ഉള്‍പ്പെട്ട പരമ്പരയായിരുന്നു അത്. 2007-08 ല്‍ പാകിസ്താന്‍ ടീം ഇന്ത്യയും സന്ദര്‍ശിച്ചു. അതിന് ശേഷം രാഷ്ട്രീയ കാരണങ്ങളാല്‍ അയല്‍ക്കാര്‍ ഉഭയ ടീം പരമ്പര കളിച്ചിട്ടില്ല.