തിരുവനന്തപുരം: നെയ്യാറ്റിന്‍കര കമുകിന്‍കോട്ടില്‍ ഒമ്പതാം ക്ലാസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ കാമുകനെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്ന കൊടങ്ങാവിള സ്വദേശി ജോമോനാണ് പ്രതി. കാമുകന്‍ വഴക്കുണ്ടാക്കി പോയതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് സഹോദരി ആരോപിച്ചു.

കമുകിന്‍കോട് സ്വദേശിയായ ഒമ്പതാം ക്ലാസുകാരി ഇന്നലെ രാവിലെ 10 മണിയോടെയാണ് വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. കാമുകനായ ജോമോന്‍ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി വീടിനുള്ളില്‍ കയറി ആത്മഹത്യയ്ക്കു ശ്രമിച്ചത്. പെണ്‍കുട്ടിയുടെ സഹോദരി വഴിക്കിട്ടുപോയ കാമുകനെ തന്നെ വിളിച്ചുവരുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. പെണ്‍കുട്ടി ആശുപത്രിയില്‍ മരിച്ചതോടെ കാമുകനായ ജോമോന്‍ മുങ്ങി.

മരിച്ച കുട്ടിയെ കാമുകന്‍ ശല്യം ചെയ്യുന്നതായി കാണിച്ച് നേരത്തെ വീട്ടുകാര്‍ നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിരുന്നു.