ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ റഷ്യ ശ്രമിച്ചതായി സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി(സി.ഐ.എ) റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കാലത്ത് അമേരിക്കയില്‍ നടന്ന സൈബര്‍ ആക്രമണങ്ങളില്‍ റഷ്യക്ക് പങ്കുണ്ടെന്ന് സി.ഐ.എക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. പ്രമുഖ യു.എസ് പത്രങ്ങളായ വാഷിങ്ടണ്‍ പോസ്റ്റും ന്യൂയോര്‍ക്ക് ടൈംസുമാണ് സി.ഐ.എ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റിയുടെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും കമ്പ്യൂട്ടര്‍ ശ്രൃംഖലകളില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഒരു ഉന്നത സി.ഐ.എ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് പത്രം പറയുന്നു. റിപ്പബ്ലിക്കന്‍ കമ്പ്യൂട്ടര്‍ ശൃംഖലകളില്‍നിന്ന് റഷ്യന്‍ ഹാക്കര്‍മാര്‍ ഏതുതരം വിവരങ്ങളാണ് ചോര്‍ത്തിയതെന്ന് വ്യക്തമല്ല.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും ട്രംപിന്റെ എതിരാളി ഹിലരി ക്ലിന്റനിന്റെയും അവരുടെ പ്രചാരണ വിഭാഗത്തിന്റെയും ഇ-മെയിലുകള്‍ ചോര്‍ത്തി വിക്കിലീക്‌സിന് കൈമാറിയത് റഷ്യയുമായി ബന്ധമുള്ള വ്യക്തികളാണ്. തെരഞ്ഞെടുപ്പിനുമുമ്പ് ഹിലരിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം പല ഇമെയിലുകളും വിക്കിലീക്‌സ് പുറത്തുവിട്ടിരുന്നു. അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെ തകിടം മറിക്കുന്നതിനെക്കാള്‍ ട്രംപിനെ സഹായിക്കുകയായിരുന്നു റഷ്യന്‍ ഹാക്കര്‍മാരുടെ ലക്ഷ്യം. യു.എസ് സെനറ്റര്‍മാര്‍ക്ക് സി.ഐ.എ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുള്ളത്.

സി.ഐ.എയുമായി ബന്ധമുള്ള നിരവധി വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാഷിങ്ടണ്‍ പോസ്റ്റ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് രാജ്യത്തുണ്ടായ സൈബറാക്രമണ പരമ്പരകളെക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രസിഡന്റ് ബറാക് ഒബാമ ഉത്തരവിട്ടിട്ടുണ്ട്. ഏറെ ഗൗരവമുള്ള വിഷയമാണ് ഇതെന്ന് വൈറ്റ്ഹൗസ് വക്താവ് എറിക് ഷള്‍ട്‌സ് പറഞ്ഞു. ഒക്ടോബറില്‍ തന്നെ അമേരിക്കയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും നേരെ റഷ്യ ആക്രമണം സൈബറാക്രമണം നത്തുന്നതായി യു.എസ് ഭരണകൂടം ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഹിലരിയുടെ ഇമെയിലുകള്‍ കണ്ടെത്തി പുറത്തുവിടാന്‍ ട്രംപ് റഷ്യയെ പരസ്യമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

പ്രസ്താവന വിവാദമായപ്പോള്‍ പരിഹാസരൂപത്തില്‍ പറഞ്ഞതാണെന്നായിരുന്നു ട്രംപിന്റെ വിശദീകരണം. റഷ്യന്‍ സൈബറാക്രമണത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് അധികാര കാലാവധി അവസാനിപ്പിക്കുന്നതിനുമുമ്പ് തന്നെ ലഭിക്കണമെന്ന് ഒബാമ ആഗ്രഹിക്കുന്നുണ്ട്. വിവരങ്ങള്‍ പരമാവധി പരസ്യമാക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും പ്രസിഡന്റ് മുന്‍ഗണ നല്‍കുന്ന പ്രധാന വിഷയം അതാണെന്നും വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു.