ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം സഊദി അറേബ്യയുമായി ബന്ധമുള്ള തന്റെ ചില കമ്പനികള്‍ ഡൊണാള്‍ഡ് ട്രംപ് അടച്ചുപൂട്ടി. ഭരണവും ബിസിനസും ഒന്നിച്ചുകൊണ്ടുപോകേണ്ടെന്ന് തീരുമാനിച്ച അദ്ദേഹം ഒമ്പത് കമ്പനികള്‍ അടച്ചുപൂട്ടിയിരുന്നു. ഇതില്‍ നാലെണ്ണം സഊദി അറേബ്യയുമായി ബന്ധമുള്ളവയാണ്. സഊദിയില്‍ ട്രംപിന് നേരിട്ട് ബിസിനസ് സംരംഭങ്ങളൊന്നുമില്ല. 500ലേറെ സ്വകാര്യ കമ്പനികളുടെ അധിപനാണ് ട്രംപ്. അദ്ദേഹത്തിന്റെ ബിസിനസ് ലോകം എത്രമാത്രം വിശാലമാണെന്ന് വ്യക്തമല്ല. ആദായനികുതി വിവരങ്ങള്‍ വെളിപ്പെടുത്താത്ത ഏക യു.എസ് പ്രസിഡന്റാണ് അദ്ദേഹം. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ട്രംപിന്റെ പേരില്‍ ഹോട്ടലുകളും സുഖവാസ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ബിസിനസ് സാമ്രാജ്യം വിശാലമാക്കാന്‍ തന്നെയാണ് പദ്ധതി.