X
    Categories: Views

വിവാദങ്ങളില്ലാതെ, പക്വതയോടെ ട്രംപിന്റെ വിജയ പ്രഭാഷണം

‘അമേരിക്കയെ വീണ്ടും മഹദ് രാഷ്ട്രമാക്കാം’ എന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വാക്യം. വര്‍ണ വിവേചനം, കുടിയേറ്റക്കാരോടും ന്യൂനപക്ഷങ്ങളോടുമുള്ള വെറുപ്പ്, സ്ത്രീകള്‍ക്കെതിരായ നിലപാട് തുടങ്ങി ഒരു പരിഷ്‌കൃത സമൂഹത്തിന് ഒട്ടും ചേരാത്തവയായിരുന്നു ട്രംപിന്റെ പ്രചരണായുധങ്ങള്‍. ലൈംഗികാതിക്രമം അടക്കമുള്ള നിരവധി ആരോപണങ്ങളുയര്‍ന്നിട്ടും അവയെല്ലാം അതിജീവിച്ചാണ് ട്രംപ് ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയുടെ പ്രസിഡണ്ടായി മാറിയിരിക്കുന്നു. അമേരിക്കന്‍ പ്രസിഡണ്ട് പദത്തില്‍ ആദ്യമായി എത്താനുള്ള ഒരു വനിതയുടെ വഴിയടച്ചു കൊണ്ട്.

വിജയം ഉറപ്പാക്കിയ ശേഷം ട്രംപ് നടത്തിയ ഹൃസ്വ പ്രസംഗം, പ്രചരണ കാലത്തേതില്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ പക്വതയോടെയുള്ളതായിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയായ ഹിലരിയെ അഭിനന്ദിച്ച് പ്രസംഗം തുടങ്ങിയ ട്രംപ്, മുറിവുകള്‍ തുന്നിച്ചേര്‍ത്ത് അമേരിക്ക ഒറ്റക്കെട്ടായി മുന്നേറണമെന്ന ആശയം പങ്കുവെച്ചു. താന്‍ അമേരിക്കയിലെ എല്ലാ വിഭാഗക്കാരുടെയും പ്രസിഡണ്ടായിരിക്കുമെന്നും ഓരോരുത്തരുടെയും കഴിവുകള്‍ പുറത്തുകൊണ്ടുവരും വിധമുള്ളതായിരിക്കും തന്റെ പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍
  • ഹിലരി ക്ലിന്റണ്‍ എന്നെ ഫോണില്‍ വിളിക്കുകയും നമ്മെ അഭിന്ദിക്കുകയും ചെയ്തു. ഞാന്‍ അവരെയും കുടുംബത്തെയും അഭിനന്ദിച്ചു. അവര്‍ വളരെ ശക്തമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
  • വിഭജനത്തിന്റെ മുറിവുകള്‍ തുന്നിച്ചേര്‍ത്ത് അമേരിക്ക ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്. റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും സ്വതന്ത്രരുമെല്ലാം രാജ്യത്താകമാനം ഒന്നിച്ചു നില്‍ക്കാനുള്ള സമയമാണിത്.
  • ഞാന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡണ്ടായിരിക്കുമെന്ന് ഉറപ്പു തരുന്നു. മുമ്പ് എന്നെ പിന്തുണക്കാതിരുന്നവരുടെയും ഉപദേശങ്ങള്‍ എനിക്കു വേണം.
  • എല്ലാ വിഭാഗത്തിലും മതത്തിലും പശ്ചാത്തലത്തിലും വിശ്വാസത്തിലും പെട്ട ജനങ്ങളുടെ മുന്നേറ്റമാണിത്. എല്ലാ ജനങ്ങളെയും സേവിക്കുന്നതായിരിക്കും ഈ ഭരണകൂടം.
  • നമ്മുടെ രാജ്യത്തിന് അത്ഭുതകരമായ സ്രോതസ്സുണ്ട്. അത് പൂര്‍ണമായി ഉപയോഗപ്പെടുത്തും. ഓരോ അമേരിക്കക്കാര്‍ക്കും തങ്ങളുടെ കഴിവ് പൂര്‍ണമായി വിനിയോഗിക്കാനുള്ള അവസരം നല്‍കും.
  • നമ്മുടെ ചെറുനഗരങ്ങള്‍ വികസിപ്പിക്കും. ഹൈവേകളും ബ്രിഡ്ജുകളും ടണലുകളും എയര്‍പോര്‍ട്ടുകളും ആസ്പത്രികളും പുതുക്കിപ്പണിയും. ഈ പുനര്‍നിര്‍മാണ പ്രക്രിയയില്‍ അമേരിക്കക്കാരെ തന്നെ ഉള്‍പ്പെടുത്തും.
  • മുന്‍ സൈനികര്‍ക്ക് വേണ്ടിയുള്ള ക്ഷേമ പദ്ധതികള്‍ നടപ്പാക്കും.

മാതാപിതാക്കള്‍ക്കും സഹോദരീ സഹോദരന്മാര്‍ക്കും മരിച്ച സഹോദരന്‍ ഫ്രെഡ്ഡിനും ഭാര്യക്കും മക്കള്‍ക്കും നന്ദി പറഞ്ഞാണ് ട്രംപ് പ്രസംഗം തുടര്‍ന്നത്. പ്രസംഗത്തിലെ വലിയൊരു സമയം പ്രിയപ്പെട്ടവര്‍ക്കും തനിക്കു വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും വേണ്ടി ട്രംപ് മാറ്റി. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട മൈക്ക് പെന്‍സിന് നന്ദി പറഞ്ഞു കൊണ്ട് ട്രംപ് പ്രസംഗം അവസാനിപ്പിച്ചു.

 

chandrika: