ന്യൂയോര്‍ക്ക്: നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ, സാമൂഹിക സമീപനങ്ങളില്‍ പ്രതിഷേധിച്ച് അടുത്ത പ്രഥമ വനിത മെലാനിയ ട്രംപിന് വസ്ത്രമൊരുക്കാന്‍ പ്രശസ്ത ഫ്രഞ്ച് ഫാഷന്‍ ഡിസൈനര്‍ സോഫി തെല്ലറ്റ് വിസമ്മതിച്ചു. വൈറ്റ് ഹൗസിലെത്തുന്ന പുതിയ പ്രഥമ വനിതയോട് താന്‍ ഒരു നിലയ്ക്കും സഹകരിക്കില്ല. അവരുടെ ഭര്‍ത്താവിന്റെ വികലമായ രാഷ്ട്രീയ വീക്ഷണങ്ങളാണ് അതിന് കാരണമെന്നും തെല്ലറ്റ് തന്റെ കത്തില്‍ പറയുന്നു. അമേരിക്കയിലെ മറ്റു ഫാഷന്‍ ഡിസൈനര്‍മാരോടും മെലാനിയയെ ബഹിഷ്‌കരിക്കാന്‍ അവര്‍ അഭ്യര്‍ത്ഥിച്ചു.

സ്വതന്ത്രയായ ഫാഷന്‍ ഡിസൈനര്‍ എന്ന അര്‍ത്ഥത്തില്‍ എല്ലാതരത്തിലുള്ള വിവേചനങ്ങള്‍ക്കും മുന്‍വിധികള്‍ക്കും താന്‍ എതിരാണെന്ന് തെല്ലറ്റ് വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ബുദ്ധിയല്ലെന്ന് അറിയാം. കുടുംബപരമായി നടത്തുന്ന ഒരു ബിസിനസ് സ്ഥാപനത്തിന്റെ ഉടമയെന്ന നിലയില്‍ പണം മാത്രമല്ല തന്റെ ലക്ഷ്യം. കലാപരമായ സ്വാതന്ത്ര്യത്തെയും ഞങ്ങള്‍ വിലമതിക്കുന്നു. മാനുഷികവും നൈതികവും ബോധപൂര്‍വവുമായ ഒരു ലോകത്തിന്റെ സൃഷ്ടിപ്പിന് സംഭാവന നല്‍കാനും ഞങ്ങള്‍ എളിമയോടെ ആഗ്രഹിക്കുന്നു. വൈവിധ്യം, വ്യക്തി സ്വാതന്ത്ര്യം, എല്ലാതരം ജീവിതരീതികളോടുമുള്ള ബഹുമാനം എന്നിവക്കുവേണ്ടി യത്‌നിക്കുന്ന വ്യക്തിയെന്ന നിലയില്‍ അടുത്ത പ്രഥമ വനിതക്കുവേണ്ടി വസ്ത്രം ഒരുക്കുകയോ ഏതെങ്കിലും രൂപത്തില്‍ അവരുമായി സഹകരിക്കുകയോ ഇല്ലെന്ന് തെല്ലറ്റിന്റെ കത്തില്‍ പറയുന്നു. മെലാനിയയുടെ ഭര്‍ത്താവ് തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഉയര്‍ത്തിവിട്ട വംശീയവും കുടിയേറ്റവിരുദ്ധവും ലിംഗപരവുമായ പ്രസ്താവനകള്‍ തങ്ങളുടെ മൂല്യങ്ങളുമായി ഒത്തുപോകില്ലെന്നും തെല്ലറ്റ് വ്യക്തമാക്കി.
52കാരിയായ തെല്ലറ്റ് 15 വര്‍ഷമായി അമേരിക്കയിലാണ് താമസം. ന്യൂയോര്‍ക്കിലെ ഫാഷന്‍ ഡിസൈന്‍ രംഗത്ത് സ്ഥിരസാന്നിധ്യമായ അവരാണ് 2009 മുതല്‍ മിഷേല്‍ ഒബാമക്ക് വസ്ത്രമൊരുക്കിയിരുന്നത്. ലോകവ്യാപകമായി തന്റെ സ്ഥാപനം അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തതില്‍ മിഷേല്‍ നല്‍കിയ സംഭാവന വലുതാണെന്ന് തെല്ലറ്റ് പറയുന്നു. അവരുടെ മൂല്യങ്ങളും പ്രവര്‍ത്തനങ്ങളും കുലീനതയും തന്നെ ആഴത്തില്‍ സ്വാധീനിച്ചതായും തെല്ലറ്റ് കൂട്ടിച്ചേര്‍ത്തു.