കോഴിക്കോട്: തിരക്കേറിയ നഗരത്തില്‍ ബസ് കാത്തുനില്‍ക്കുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ച് ഓടുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനകം വൈറലാണ്. എന്നാല്‍ ഇതിനു പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണ്.

ഒരു ഡോക്യുമെന്ററിയുടെ ചിത്രീകരണവേളയില്‍ ആരോ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ വീട്ടമ്മയുടെ മാല പൊട്ടിച്ച് കള്ളന്‍ ഓടുന്നുവെന്ന വ്യാജേന സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നടി മീരാ വാസുദേവും രാജീവ് രാജനുമാണ് വീഡിയോയിലുള്ള കഥാപാത്രങ്ങള്‍.

Watch Video:

ബസ് കാത്തുനില്‍ക്കുന്ന മീരയുടെ മാല പൊട്ടിച്ചോടുന്ന രാജീവിന്റെ വീഡിയോയാണ് കള്ളനെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ആരോ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റു ചെയ്തതോടെ ആളുകള്‍ സംഭവം ഷെയര്‍ ചെയ്യുകയായിരുന്നു.

മണിക്കൂറുകള്‍ക്കകം 20000ത്തിലധികം പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. ഇതോടെ വിശദീകരണവുമായി ഡോക്യുമെന്ററിയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ രംഗത്തുവന്നു.
പോസ്റ്റ് വൈറലായതോടെ നടന്‍ രാജീവ് രാജനും ഫേസ്ബുക്കില്‍ വിശദീകരണ കുറിപ്പിട്ടു.

രാജീവിന്റെ കുറിപ്പ് ഇങ്ങനെ:

‘ചേട്ടനെ എനിക്കറിയില്ല, പക്ഷെ ഒരുപാട് നന്ദിയുണ്ട്. ഞാന്‍ മണിക്കൂറുകള്‍കൊണ്ട് ഇത്രയും പ്രശസ്തനാകുമെന്ന് വിചാരിച്ചില്ല. എന്തായാലും നാളെ റിലീസ് ആവുന്ന ദിവാന്‍ജിമൂല ഗ്രാന്റ് പീ എന്ന സിനിമയെയും ഇങ്ങനെ തന്നെ പ്രമോട്ട് ചെയ്ത് തരണേ പ്ലീസ്’.

പിന്നീട് നടി മീരക്കൊപ്പം ചിത്രീകരണ വേളയിലെ ചിത്രവും രാജീവ് പോസ്റ്റു ചെയ്തു.