ദോഹ: രാജ്യത്ത് വാഹനാപകടങ്ങള്‍ കുറയ്്ക്കുന്നതിന് സഹായകമായ പുതിയ സാങ്കേതികവിദ്യയായ കണക്ടഡ് വെഹിക്കിള്‍ ടെക്‌നോളജി(വി2എക്‌സ്) ഉടന്‍ ദോഹയില്‍ നടപ്പാക്കും. ഖത്തര്‍ മൊബിലിറ്റി ഇന്നവേഷന്‍ സെന്ററാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. വാഹനങ്ങള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്യുന്നതിലൂടെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. അവയ്ക്കിടയില്‍ അപകടകരമായി എന്ത് സാഹചര്യം ഉണ്ടായാലും മുന്നറിയിപ്പ് നല്‍കി അതില്‍ നിന്ന് ഒഴിവാകാന്‍ ഈ സംവിധാനം സഹായിക്കും. അപകടം നടക്കുന്നതിന് മുന്നോടിയായി ഡ്രൈവര്‍ക്ക് അത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാന്‍ സംവിധാനത്തിന് കഴിയും. ഡ്രൈവര്‍ അത് അനുസരിച്ചില്ലെങ്കില്‍ വാഹനത്തിന്റെ വേഗം കുറക്കാനും ആവശ്യമെങ്കില്‍ പെട്ടെന്ന് നിര്‍ത്താനും വി2എക്‌സിന് കഴിയും. ദോഹയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ പൂര്‍ണസജ്ജമായതായി ക്യു.എം.ഐ.സി സി.ഇ.ഒ ഡോ. അദ്‌നാന്‍ അബു ദയ്യ പറഞ്ഞു. മേഖലയില്‍ തന്നെ ഖത്തറിലാണ് പദ്ധതി ആദ്യമായി നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനുള്ള തയാറെടുപ്പുകളിലായിരുന്നു ഒരുവര്‍ഷം. ആവശ്യമായ ഒരുവിധം തയാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. വേഗ പരിധി, റോഡിലെ വളവുകള്‍ തുടങ്ങിയവ സംബന്ധിച്ച് വി2എക്‌സ് ഡ്രൈവര്‍ക്ക് വിവരം കൈമാറിക്കൊണ്ടിരിക്കും. അതിനായി വാഹനങ്ങളില്‍ നിന്ന് വാഹനങ്ങളിലേക്കും വഴിയരികില്‍ സ്ഥാപിക്കുന്ന ഉപകരണങ്ങളില്‍ നിന്ന് വാഹനങ്ങളിലേക്കും തിരിച്ചും സന്ദേശങ്ങള്‍ അയക്കാന്‍ വി2എക്‌സിന് കഴിയും. ഏത് ഭാഷയിലും വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്നതാണ് സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത. അടുത്ത തലമുറയുടെ ഗതാഗത സുരക്ഷാ സംവിധാനമാണ് വി2എക്‌സ്. ഈ വര്‍ഷം മാര്‍ച്ചില്‍ ദോഹയിലായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ വി2എക്‌സ് ആദ്യം നടപ്പാക്കുക. അതിനായി 30 മുതല്‍ 50 വരെ വാഹനങ്ങള്‍ നിരത്തിലിറക്കും. വഴിയരികില്‍ 20 മുതല്‍ 30 വരെ അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കും. വളരെ അധികം വാഹനങ്ങള്‍ നിരത്തിലിറങ്ങുകയും കൂടുതല്‍ ജനങ്ങള്‍ സഞ്ചരിക്കുകയും ചെയ്യുന്ന ഖത്തര്‍ യൂണിവാഴ്‌സിറ്റി കാമ്പസിലും പരീക്ഷാടിസ്ഥാനത്തില്‍ വി2എക്‌സ് നടപ്പാക്കും. ദോഹയിലെ തിരക്കേറിയ മറ്റൊരു സ്ട്രീറ്റും ഇതിനായി സജ്ജമാക്കും. ഡ്രൈവര്‍മാരില്‍ നിന്നും പദ്ധതിയെക്കുറിച്ച് അഭിപ്രായങ്ങള്‍ തേടും. കുറവുകള്‍ കണ്ടെത്തി പരിഹരിക്കുന്നതിനും രാജ്യത്തിന് അനുയോജ്യമായ രീതിയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നതിനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനങ്ങളെ ഇതര വയര്‍ലെസ് സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കി അപകടങ്ങള്‍ കുറക്കാന്‍ പുതിയ പദ്ധതി സഹായിക്കും.
പരീക്ഷണം വിജയം കാണുകയാണെങ്കില്‍ 2019ല്‍ വ്യവസായികാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കും. വി2എക്‌സ് പൂര്‍ണമായും സ്ഥാപിക്കുന്നതിലൂടെ വാഹനാപകടം 80 ശതമാനം കുറക്കാനാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വൈകാതെ പുതിയ കാര്‍ നിര്‍മാതാക്കളില്‍ പലരും പുതിയ സാങ്കേതിക വിദ്യയുടെ വിവിധ മോഡലുകള്‍ വിപണിയിലിറക്കാന്‍ സാധ്യതയുണ്ട്. രാജ്യത്ത് വാഹനാപകടങ്ങള്‍ കുറയ്്ക്കുന്നതിന് സഹായകമായ പുതിയ സാങ്കേതികവിദ്യയായ ‘കണക്റ്റഡ് വെഹിക്കിള്‍ ടെക്‌നോളജി'(വി2എക്‌സ്) സാമ്പത്തികവളര്‍ച്ചയ്ക്ക് സഹായകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. പുതിയ പദ്ധതി സാമ്പത്തികരംഗത്തും ചലനങ്ങളുണ്ടാക്കുമെന്ന് ഖത്തര്‍ മൊബിലിറ്റി ഇന്നവേഷന്‍ സെന്റര്‍ (ക്യു.എം.ഐ.സി) തലവന്‍ പറഞ്ഞു. അപകടങ്ങള്‍ കുറച്ച് സുരക്ഷിതമായ പാതയൊരുക്കുക എന്നതിനാണ് രാജ്യം പ്രധാന്യം നല്‍കുന്നത്. വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ സാമ്പത്തിക വളര്‍ച്ചക്കും കണക്റ്റഡ് വെഹിക്കിള്‍ സാങ്കേതിക വിദ്യ സ്ഥാപിക്കുന്നത് ഇടയാക്കും. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഈ സാങ്കേതിക വിദ്യയിലൂടെ ഖത്തറിന് വര്‍ധിച്ച വരുമാന സാധ്യതകളുണ്ടെന്ന് അബു ദയ്യ പറഞ്ഞു. കൂടാതെ 2022ലെ ഫിഫ ലോകകപ്പ് വേളയിലും ഈ വിദ്യ ഗുണകരമാകും.