പാലക്കാട്: പാലക്കാട് മണ്ണാര്‍കാട് നിര്‍ത്തിയിട്ട ബസ്സിനടിയില്‍ ഉറങ്ങിക്കിടന്ന അന്യസംസ്ഥാന തൊഴിലാളികള്‍ അതേ ബസ് ദേഹത്തു കയറി മരിച്ചു. രണ്ട് ജാര്‍ഖണ്ഡ് സ്വദേശികളാണ് മരിച്ചത്. നിര്‍ത്തിയിട്ട ബസ്സിനടിയില്‍ ഇരുവരും ഉറങ്ങിക്കിടക്കുകയായിരുന്നു. ഇതറിയാതെ ഡ്രൈവര്‍
രാവിലെ ബസ് എടുത്തപ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ സമീപത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മണ്ണാര്‍ക്കാട് കുന്തിപ്പുഴയിലെ മൈതാനത്ത് സ്വകാര്യ ബസുകള്‍ നിര്‍ത്തിയിട്ടിരുന്ന സ്ഥലത്താണ് അപകടമുണ്ടായത്. കുഴല്‍കിണര്‍ ജോലികള്‍ക്കായി എത്തിയ തൊഴിലാളികള്‍ ബസിനടിയില്‍ കിടന്നുറങ്ങുകയായിരുന്നു. രാവിലെ ബസ് എടുത്തപ്പോള്‍ ഇവര്‍ക്ക് മുകളിലൂടെ ബസ് കയറിയിറങ്ങി. എന്നാല്‍ ഏറെ വൈകിയാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൂന്ന് പേരെ നാട്ടുകാര്‍ കണ്ടെത്തിയത്. രണ്ട് പേര്‍ അപ്പോഴേക്കും മരിച്ചിരുന്നു.