ഷാര്‍ജ: കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ പിതാവും മകളും അജ്മാനിലെ കടലില്‍ മുങ്ങിമരിച്ചു. ഈയാട് സ്വദേശി ഇസ്മായില്‍ ചന്തംകണ്ടിയില്‍ (47), മകള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായ അമല്‍ (17) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. കുടുംബത്തിനൊപ്പം കടലില്‍ കുളിക്കവെയാണ് അപകടമുണ്ടായത്.

തണുത്തകാറ്റും പ്രതികൂല കാലാവസ്ഥയുമായതിനാല്‍ കടലില്‍ ശക്തമായ വേലിയേറ്റമുണ്ടായിരുന്നു. ശക്തമായ കടല്‍ച്ചുഴിയില്‍പെട്ടുപോയ അമലിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇസ്മായിലും അപകടത്തില്‍പ്പെടുകയായിരുന്നു. ഉടന്‍ പൊലീസും പാരാമെഡിക്കല്‍ സംഘവുമെത്തി ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

14 വര്‍ഷമായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് (ആര്‍ടിഎ) അതോറിറ്റിയില്‍ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ഇസ്മായില്‍. ഭാര്യ നഫീസ. അമാന, ആലിയ എന്നിവരാണ് മറ്റു മക്കള്‍. നഫീസ അജ്മാന്‍ അല്‍സാദ് ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയായിരുന്നു. ഇപ്പോള്‍ കോഴിക്കോട് ഏകല്ലൂര്‍ സ്‌കൂള്‍ അധ്യാപിക. കാസിമിന്റെയും പരേതയായ നബീസയുടെയും മകനാണ്. മയ്യിത്തുകള്‍ വ്യാഴാഴ്ച നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.