വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമവിരുദ്ധമായി ആണവായുധം പ്രയോഗിക്കാന്‍ ഉത്തവിട്ടാല്‍ എതിര്‍ക്കുമെന്ന് യു.എസ് ആണവ കമാന്‍ഡറും വ്യോമസേനാ മേധാവിയുമായ ജോണ്‍ ഹൈട്ടന്‍. കാനഡയില്‍ ഹാലിഫാക്‌സ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി ഫോറത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ട്രംപിനെ ഞെട്ടിക്കുന്ന നിലപാട് അറിയിച്ചത്. ആണവാക്രമണം നടത്താന്‍ പ്രസിഡന്റിനുള്ള അധികാരത്തെക്കുറിച്ച് യു.എസ് സെനറ്റര്‍മാര്‍ ചര്‍ച്ച നടത്തി ദിവസങ്ങള്‍ക്കു ശേഷമാണ് ജോണ്‍ ഹൈട്ടന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
നിരുത്തവാദപരമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ട്രംപ് ആണവായുധം പ്രയോഗിക്കാന്‍ ഉത്തരവിട്ടേക്കുമോ എന്ന് സെനറ്റര്‍മാരില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നാല്‍പത് വര്‍ഷത്തിനു ശേഷം ആദ്യമായാണ് യു.എസ് പ്രസിഡന്റിന്റെ ആണവ അധികാരത്തെക്കുറിച്ച് സെനറ്റില്‍ ചര്‍ച്ച നടക്കുന്നത്. അമേരിക്കയെ ഭീഷണിപ്പെടുത്തിയാല്‍ ലോകം മുമ്പെങ്ങും കാണാത്ത വിധം ഉത്തരകൊറിയയെ തീയില്‍ മുക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. അമേരിക്കയെ ട്രംപ് മൂന്നാം ലോകമഹായുദ്ധത്തിലേക്ക് കൊണ്ടുപോകുകയാണെന്ന് സെനറ്റിന്റെ വിദേശബന്ധ സമിതി റിപ്പബ്ലിക്കന്‍ ചെയര്‍മാന്‍ ബോബ് കോര്‍കര്‍ കഴിഞ്ഞ മാസം ആരോപിക്കുകയുണ്ടായി. ആണവായുധം പ്രയോഗിക്കാന്‍ ട്രംപിന്റെ ഉത്തരവുണ്ടായാല്‍ എന്തു ചെയ്യുമെന്നതിനെക്കുറിച്ച് താനും നിരവധി തവണ ആലോചിച്ചതാണെന്ന് ഹൈട്ടന്‍ പറഞ്ഞു. നിയമവിരുദ്ധമാണെങ്കില്‍ എതിര്‍ക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Be the first to write a comment.