ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന യുഎഇ മന്ത്രിസഭാ യോഗം വിദ്യാഭ്യാസ-സാമൂഹിക മേഖലകള്‍ക്ക് ഏറ്റവും കുടുതല്‍ തുക വകയിരുത്തിയ 2017ലെ കരട് ബജറ്റിന് അംഗീകാരം നല്‍കി. 2017ലെ ആകെ ബജറ്റ് ചെലവ് 48.70 ബില്യന്‍ ദിര്‍ഹമാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അല്‍പം കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം ആകെ ബജറ്റ് ചെലവ് 48.55 ബില്യന്‍ ദിര്‍ഹമായിരുന്നു. എണ്ണവിലകളില്‍ കാര്യമായ ഇടിവുണ്ടായിട്ടും ഫെഡറല്‍ ബജറ്റ് ചെലവ് കഴിഞ്ഞ വര്‍ഷങ്ങളിലെ വ്യയത്തിനോട് ഒപ്പം നില്‍ക്കുകയാണ്.

വാര്‍ഷികാടിസ്ഥാനത്തിലുള്ള പഞ്ചവല്‍സര വകയിരുത്തലില്‍, 49.6 ബില്യന്‍ വ്യയത്തിന്റെ ശരാശരി വാര്‍ഷിക ചെലവ് 6.5 ശതമാനമായി ഉയര്‍ന്നു നില്‍ക്കുന്നു. 2014-’16 വര്‍ഷങ്ങളിലെ (മൂന്നു വര്‍ഷ) ബജറ്റില്‍ ശരാശരി സര്‍ക്കാര്‍ വ്യയം 46.6 ബില്യന്‍ ദിര്‍ഹമായാണ് കണക്കാക്കിയിരിക്കുന്നത്. പകുതിയിലധികവും സാമൂഹിക മേഖലകള്‍ക്കായി വകിയിരുത്തിയിരിക്കുന്നു. പൊതു-ഉന്നത വിദ്യാഭ്യാസ മേഖലക്ക് അടക്കം 25.2 ബില്യന്‍ മൂല്യമാണ് നിജപ്പെടുത്തിയിരിക്കുന്നത്. ബജറ്റ് ചെലവിന്റെ 10.2 ബില്യന്‍ ദിര്‍ഹം, അല്ലെങ്കില്‍ 20.5 ശതമാനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ആരോഗ്യ പരിചരണത്തിനും സാമൂഹിക സംരക്ഷണത്തിനും 4.2 ബില്യന്‍ ദിര്‍ഹം, അല്ലെങ്കില്‍ 8.6 ശതമാനം വകിയിരിത്തിയിരിക്കുന്നു. പെന്‍ഷന് 4 ബില്യന്‍ ദിര്‍ഹം, അല്ലെങ്കില്‍ 8.2 ശതമാനം എന്നിങ്ങനെയും നീക്കി വെച്ചിട്ടുണ്ട്. സാമൂഹിക വികസനം അടക്കമുള്ള മറ്റു ക്ഷേമ ആസൂത്രണത്തിന് 3.2 ബില്യന്‍ ദിര്‍ഹമും ഭവന മേഖലക്ക് 1.6 ബില്യന്‍ ദിര്‍ഹമുമാണ് നീക്കി വെച്ചിരിക്കുന്നത്. ”ഭാവി ഭരണകൂട വീക്ഷണത്തിനനുസൃതമായി ആവശ്യം നിവര്‍ത്തിക്കും വിധത്തിലുള്ള ശേഷിയും മാര്‍ഗങ്ങളുമാണ് ഞങ്ങള്‍ ലക്ഷ്യമാക്കുന്നത്. വിവിധ മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ഭരണകൂടങ്ങളിലൊന്നാവാന്‍ വിഭവങ്ങളുടെ പരമാവധി ഉപയോഗം കൊണ്ടും രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമുള്ള സേവന വര്‍ധനയിലൂടെയും യത്‌നിക്കും” -ശൈഖ് മുഹമ്മദ് പറഞ്ഞു.
സര്‍ക്കാര്‍ കാര്യ മേഖലക്ക് 42 ശതമാനം (20.7 ബില്യന്‍ ദിര്‍ഹം മൂല്യം) ബജറ്റ് തുകയാണുള്ളതെന്ന് ഇതുസംബന്ധിച്ച ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പൗരന്മാര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കിയും യുഎഇ ഭരണകൂടത്തിന്റെ ദര്‍ശനത്തിനുസൃതമായി ധനകാര്യ പ്രവര്‍ത്തനങ്ങള്‍ നിവര്‍ത്തിച്ചും മുന്നേറാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്.