ദുബൈ: പന്നിക്കൊഴുപ്പ് (പോര്‍ക്ക് ജെലാറ്റിന്‍) ഉള്‍പ്പെട്ടതാണെങ്കില്‍ പോലും കോവിഡ് വൈറസിന് എതിരെയുള്ള വാക്‌സിന്‍ മുസ്‌ലിംകള്‍ക്ക് കുത്തിവയ്ക്കാമെന്ന് യുഎഇ ഫത്‌വ കൗണ്‍സിലിന്റെ മതവിധി. മറ്റു ബദലുകളില്‍ ഇല്ലെങ്കില്‍ ഇവ സ്വീകരിക്കുന്നതിന് വിലക്കില്ല എന്നാണ് ഫത്‌വ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ ബയ്യ വ്യക്തമാക്കിയത്.

ഇസ്‌ലാമില്‍ നിഷിദ്ധമാക്കപ്പെട്ട മാസമാണ് പന്നിയുടേത്. പന്നിയുടെ കൊഴുപ്പ് കൂടി ചേരുവയായി ഉപയോഗിച്ചു വികസിപ്പിക്കുന്ന വാക്‌സിന്‍ സ്വീകരിക്കാന്‍ മുസ്‌ലിം ലോകം മടി കാണിച്ചേക്കുമെന്ന ആശങ്കയ്ക്കിടെയാണ് ഫത്‌വ.

പന്നിക്കൊഴുപ്പ് മരുന്നായാണ് ഉപയോഗിക്കുന്നത് എന്നും ഭക്ഷണമായി അല്ല എന്നും കൗണ്‍സില്‍ വ്യക്തമാക്കി. യുഎഇ അടക്കമുള്ള രാഷ്ട്രങ്ങളില്‍ കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഫൈസര്‍ വികസിപ്പിച്ച വാക്‌സിനാണ് രാജ്യത്ത് നല്‍കി വരുന്നത്.