X

ഷാര്‍ജയില്‍ ജനസംഖ്യ 14 ലക്ഷം

ഷാര്‍ജ: ഷാര്‍ജ ഡിപാര്‍ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് കമ്യൂണിറ്റി ഡവലപ്‌മെന്റ് (ഡിഎസ്‌സിഡി) എമിറേറ്റിലെ ജനസംഖ്യാ റിപ്പോര്‍ട്ട് പുറത്തുവിട്ടു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ അംഗീകാരത്തോടെയാണ് ഇന്നലെ സെന്‍സസ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ഇതനുസരിച്ച്, ഷാര്‍ജയിലെ മൊത്തം ജനസംഖ്യയുടെ 12% മാത്രമാണ് സ്വദേശികളുള്ളത്. അവശേഷിക്കുന്ന 87%ഉം വിദേശികളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇമാറാത്തികളില്‍ 86,325 പുരുഷന്മാരും 89,098 സ്ത്രീകളുമാണ്. വിദേശികളില്‍ പുരുഷന്മാരുടെ എണ്ണം 834,542ഉം സ്ത്രീകളുടേത് 395,875ഉം ആണെന്ന് ഡിഎസ്‌സിഡി ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ഥാനി പറഞ്ഞു. 2015ലെ കണക്ക് പ്രകാരം ഷാര്‍ജയിലെ മൊത്തം ജനസംഖ്യ 14 ലക്ഷമാണ് (1,405,843). ഇതില്‍ സ്വദേശികള്‍ 175,432 വരുമ്പോള്‍ വിദേശികളുടെ എണ്ണം 12 ലക്ഷം (1,230,417) ആണ്. ഡിഎസ്‌സിഡി 2015ല്‍ നടത്തിയ ഷാര്‍ജ സെന്‍സസ് അടിസ്ഥാനമാക്കിയാണ് എമിറേറ്റിലെ മൊത്തം ജനസംഖ്യയുടെ എണ്ണം രേഖപ്പെടുത്തിയതെന്നും അല്‍ഥാനി വിശദീകരിച്ചു.

 

എമിറേറ്റിലെ ആകെ കെട്ടിടങ്ങള്‍, ഫ്‌ളാറ്റുകള്‍, വില്ലകള്‍, തൊഴിലാളികളുടെ താമസയിടങ്ങള്‍ തുടങ്ങിയവയുടെ എണ്ണമെടുത്ത് അവ ഏരിയകള്‍ തിരിച്ചാണ് മൊത്തം ആളുകളുടെ എണ്ണം കണക്കാക്കിയിരിക്കുന്നത്. അബുദാബി, ദുബൈ എന്നീ എമിറേറ്റുകളില്‍ മാത്രം 2015ലെ കണക്ക് പ്രകാരം മൊത്തം 27 ലക്ഷം ജനസംഖ്യയാണുള്ളത്. യുഎഇയില്‍ മൊത്തത്തില്‍ 94 ലക്ഷം ജനങ്ങളുമുണ്ട്. ‘ഷാര്‍ജ സെന്‍സസ് 2015’ എന്ന പേരില്‍ അറബി, ഇംഗ്‌ളീഷ് ഭാഷകളില്‍ ഡിഎസ്‌സിഡി പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

chandrika: