X

എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ ദുബൈ-കൊച്ചി സര്‍വീസ് ഫെബ്രുവരി 1 മുതല്‍

ദുബൈ: എയര്‍ ഇന്ത്യയുടെ ഏറ്റവും പുതിയ ഡ്രീംലൈനര്‍ വിമാനം അടുത്ത മാസം ഒന്ന് മുതല്‍ ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും സര്‍വീസ് ആരംഭിക്കുന്നു. എയര്‍ ഇന്ത്യ മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്ക മാനേജര്‍ മെല്‍വിന്‍ ഡിസില്‍വ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

കൊച്ചി-ഡല്‍ഹി സെക്ടറിലും ഈ വിമാനം സര്‍വീസ് നടത്തും. ബോയിംഗ് വിമാന കമ്പനിയുടെ ഏറ്റവും ആധുനികമായ വിമാനമാണ് ഡ്രീംലൈനര്‍. കുറഞ്ഞ ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദപരവുമായ ബോയിംഗ് 787 വിമാനത്തില്‍ 238 എകോണമി സീറ്റുകളും 18 ബിസിനസ് സീറ്റുകളുമാണ് എയര്‍ ഇന്ത്യ ഒരുക്കിയിരിക്കുന്നത്.

കൂടാതെ, എകോണമി വിഭാഗക്കാര്‍ക്ക് 40 കിലോയും ബിസിനസ് ക്‌ളാസുകാര്‍ക്ക് 50 കിലോയും ലഗേജ് കൊണ്ടുപോകാന്‍ കഴിയും. ദുബൈയില്‍ നിന്നും ഉച്ച 1.30ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 6.50ന് കൊച്ചിയിലെത്തും. അവിടെ നിന്നും രാവിലെ 9.15ന് പുറപ്പെടുന്ന വിമാനം ഉച്ച 12 മണിക്ക് ദുബൈയില്‍ തിരിച്ചെത്തും. നിലവില്‍ എയര്‍ ഇന്ത്യ ദുബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാത്രമാണ് ഡ്രീംലൈനര്‍ സര്‍വീസ് നടത്തുന്നത്.

chandrika: