gulf

സ്‌കൂളുകളില്‍ 25 ശതമാനം കുട്ടികള്‍ മതിയെന്ന് യുഎഇ

By Test User

September 02, 2020

ദുബൈ: കോവിഡ് ഭീതിക്കിടെയും അധ്യയന വര്‍ഷം ആരംഭിച്ച യുഎഇയില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍നില 25 ശതമാനം വരെ മതിയെന്ന് അധികൃതര്‍ നിര്‍ദ്ദേശമിറക്കി. സാഹചര്യങ്ങള്‍ നിരീക്ഷിച്ച ശേഷം ഇക്കാര്യത്തില്‍ മാറ്റം വരുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ ബിന്‍ ഇബ്രാഹിം അല്‍ ഹമ്മാദി പറഞ്ഞു.

തുടക്കത്തില്‍ 25 ശതമാനം മതി ഹാജര്‍ നില. രണ്ടാഴ്ചയ്ക്ക് ശേഷം അത് അമ്പത് ശതമാനവും പിന്നീട് 75 ശതമാനവും ആക്കാനാണ് ആലോചന. പുതിയ അക്കാദമിക വര്‍ഷത്തില്‍ 1.27 ദശലക്ഷം വിദ്യാര്‍ത്ഥികളാണ് വീണ്ടും പഠനം തുടങ്ങിയത്. സര്‍വകലാശാലകളില്‍ 1.30 ലക്ഷം പേരും- ഹമ്മാദി കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികളുടെ ആരോഗ്യം പരമപ്രധാനമാണ് എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സ്‌കൂളുകളില്‍ സദാസമയവും പ്രവര്‍ത്തിക്കുന്ന ഓപറേഷന്‍ റൂം സജ്ജമായിരിക്കുമെന്നും വ്യക്തമാക്കി.