കോട്ടയം: സരിത എസ് നായരുടെ പീഡനപരാതിയില്‍ കേസെടുത്ത നടപടിയില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തനിക്കെതിരെ കേസെടുത്തത് ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാറിന്റെ ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു.

കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ഇതിനെതിരെ നിയമപരമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാവില്ല. വിഷയവുമായി ബന്ധപ്പെട്ട് നാളെ തിരുവനന്തപുരത്ത് വിശദമായ പ്രതികരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടിയും കെ.സി വേണുഗോപാലും തിരുവനന്തപുരത്ത് വെച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് സരിതയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെയാണ് ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുത്തത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കേസന്വേഷണത്തിന്റെ ചുമതല ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘത്തിനാണ് നല്‍കിയിരിക്കുന്നത്. എസ്.പി അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിനു കീഴിലാണ് പുതിയ സംഘം.